കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

Share our post

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിലായി. സിപിഎം കണ്ണംകുടി ബ്രാഞ്ച് അംഗമായ അമൽ ആർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. വ്യാജ സ്ക്രീൻഷോട്ട് വിവിധ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

കേസിലെ ഒന്നാം പ്രതിയായ ജിതിൻ ഭാസ്കർ ആണ് ഈ വ്യാജ സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ജിതിൻ നിർമ്മിച്ച ഈ സന്ദേശം ഡിവൈഎഫ്ഐ നേതാവായ റിബേഷ് രാമകൃഷ്ണന് കൈമാറുകയും അദ്ദേഹം അത് മറ്റൊരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അവിടെ നിന്നാണ് ‘റെഡ് ബറ്റാലിയൻ’ അടക്കമുള്ള ഇടത് ആഭിമുഖ്യമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അമൽ ഈ വ്യാജ സന്ദേശം എത്തിച്ചത്.

കേസിൽ ആദ്യം അറസ്റ്റിലായ ഒന്നാം പ്രതി ജിതിൻ ഭാസ്കർ നിലവിൽ ജാമ്യത്തിലാണ്. ഇയാളുടെ മൊബൈൽ ഫോൺ നിലവിൽ സംസ്ഥാന ഫോറൻസിക് ലാബിലെ പരിശോധനയിലാണ്. ഇതിന്റെ ഫലം കൂടി ലഭ്യമാകുന്നതോടെ കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!