എവിടെ റാം?  നിതിൻരാജിന്റെ ഓർമ്മകൾക്ക് മൂന്നുമാസം 

Share our post

കണ്ണൂർ: കഴിഞ്ഞ ഏപ്രിൽ പത്തിന് ഉച്ചയ്ക്ക് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് കെട്ടിടത്തിൽ നിന്നു ചാടിമരിച്ച നിതിൻരാജിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ഡോ. റാം ഇപ്പോഴും ഒളിവിൽ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ, മൂന്നംഗ ക്രൈംബ്രാഞ്ച് സംഘം ദിവസങ്ങളോളം തെലങ്കാനയിൽ തമ്പടിച്ചു തിരച്ചിൽ നടത്തിയെങ്കിലും റാമിനെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല. കർണാടകയിലേക്കായിരുന്നു ആദ്യം മുങ്ങിയതെങ്കിൽ, പിന്നീട് തെലങ്കാനയിലേക്കു കടന്ന പ്രതി ഇപ്പോൾ എവിടെയാണെന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിനു ധാരണയുമില്ല. ഫോൺ സ്വിച്ച്ഡ് ഓഫ് ആയതോടെ, ഇയാളുമായി ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്തും ഉപയോഗിച്ച ഫോണുകൾ പരിശോധിച്ചും നടത്തിയ ശ്രമങ്ങളും വിഫലമായി. തെലങ്കാനയിലെ വീട്ടിലെത്തി ഭാര്യയെ ചോദ്യം ചെയ്തിട്ടും തുമ്പൊന്നും ലഭിച്ചില്ല.

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ രാജ്യം വിട്ടുപോകില്ലെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പ്രതിയുടെ സഹോദരൻ തെലുങ്കാനയിലെ പാർട്ടിയുടെ പ്രാദേശിക നേതാവാണെന്നും, അതുവഴി റാമിന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ജൂൺ 12 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദേശം നിലനിന്നിരുന്നതും അന്വേഷണത്തിന് കാലതാമസം വരുത്തി.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതു മുതൽ എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എന്നാൽ കഴിഞ്ഞയാഴ്ച അദ്ദേഹത്തെ കോഴിക്കോട് വിജിലൻസിലേക്ക് സ്ഥലം മാറ്റി. കണ്ണൂർ – കാസർകോട് റേഞ്ച് എസ്.പിയായ കെ.വി. വേണുഗോപാലിനാണ് പുതുതായി ചുമതല നൽകിയത്. റാമിനെ എത്രയും വേഗം പിടികൂടാൻ ഡിവൈ.എസ്.പി കെ. സുധീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് ജില്ലാ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു

അതേസമയം, മരണകാരണം അദ്ധ്യാപകരുടെ പീഡനമല്ലെന്നും ലോൺ ആപ്പ് ഭീഷണിയാണെന്നുമാണ് കോളേജ് മാനേജ്‌മെന്റ് കോടതിയിൽ വാദിച്ചത്. ലോൺ ആപ്പ് ചതിയുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, കേസിലെ ഏറ്റവും നിർണായക കണ്ണിയായ ഒന്നാം പ്രതി ഇപ്പോഴും നിയമത്തിന് മുന്നിലെത്തിയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!