കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍, നിലവിലെ ചട്ടങ്ങള്‍ പാലിച്ച് ചര്‍ച്ച നടത്തണം; ഹൈക്കോടതി

Share our post

കൊച്ചി: അമേരിക്ക ആസ്ഥാനമായ കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ട പിരിച്ചുവിടല്‍ പരാതി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. നിലവിലെ ചട്ടങ്ങള്‍ പാലിച്ച് ചര്‍ച്ച നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തല്‍സ്ഥിതി തുടരണമെന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ് നിര്‍ബന്ധിത ഉത്തരവല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാന്‍ ബാധ്യത ഉണ്ടെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അനുരഞ്ജന ചര്‍ച്ചകളുമായി മുന്നോട്ട്‌പോകാനും നിര്‍ദേശമുണ്ട്. തൊഴിലാളികളും മാനേജ്‌മെന്റും സര്‍ക്കാരും പങ്കെടുക്കുന്ന ചര്‍ച്ച നാളെയാണ് നടക്കുന്നത്. ഈ ചര്‍ച്ചയില്‍ കമ്പനി അധികൃതര്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ കമ്പനി അധികൃതകര്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. മുന്‍പ് നടന്ന ചര്‍ച്ചകളിലെല്ലാം കമ്പനി അധികൃതര്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു. എന്നാല്‍ നിലവില്‍ കമ്പനി തന്നെ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം വന്നിരിക്കുന്നതെന്നതിനാല്‍ ഇവര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ പുതിയ ലേബര്‍കോഡ് പ്രകാരം പിരിച്ചു വിടല്‍ നടപടികളില്‍ കമ്പനി ഉറച്ചു നില്‍ക്കാനാണ് സാധ്യത. അതേസമയം ഇന്നും ജീവനക്കാര്‍ ഓഫീസിലെത്തും. ലേബര്‍ വകുപ്പായിരിക്കും ഇവരുടെ ഹാജര്‍ രേഖപ്പെടുത്തുക. പുതിയ ലേബര്‍ കോഡ് പ്രകാരം തന്നെ പരിഹാരം കാണണമെന്ന ഹൈക്കോടതി നിര്‍ദേശം ജീവനമക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കോറോ ഹെല്‍ത്തിന്റെ കോഴിക്കോട്, കൊച്ചി ഓഫീസുകളിലുമായി എണ്ണൂറോളം ജീവനക്കാരെയായിരുന്നു മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. മുഹമ്മദ് റിയാസ് എംഎല്‍ കഴിഞ്ഞ ദിവസം കോറോ ഹെല്‍ത്തിന്റെ കോഴിക്കോട്ടെ ഓഫീസിലേക്ക് എത്തിയിരുന്നു. തൊഴില്‍ ചട്ടങ്ങളുടെ കടുത്ത ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. തൊഴില്‍ മന്ത്രിയെ കണ്ട് വിഷയം സംസാരിക്കും. ജീവനക്കാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് അനുവദിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും മുന്‍ മന്ത്രി പറഞ്ഞിരുന്നു.

കമ്പനിയുടെ കൊച്ചി ഓഫീസില്‍ നിലവില്‍ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. കമ്പനി മാനേജ്മെന്റ് അംഗങ്ങളോ പ്രതിനിധികളോ അവിടെയില്ല. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് ആരെയും അകത്തേക്ക് കടത്തിവിടരുതെന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കമ്പനിയുടെ കൊച്ചി ഓഫീസില്‍ മാത്രം അറുന്നൂറോളം പേരാണ് ജോലി ചെയ്യുന്നത്. ജീവനക്കാര്‍ ഓഫീസിന് മുന്നില്‍ തന്നെ നിലയുറപ്പിച്ചതിന് പിന്നാലെ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരെത്തി അവരുടെ ഹാജര്‍ രേഖപ്പെടുത്തുകയായിരുന്നു. കമ്പനി അധികൃതരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണം ലഭിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!