ആ സമയം ബസില്‍ ഉണ്ടാകേണ്ടതായിരുന്നു, ലീവായതു കൊണ്ടാണ് രക്ഷപ്പെട്ടത്; പുഴയില്‍ വീണ ബസിന്റെ ഡ്രൈവർ
കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ ഏറെയും അതിഥി തൊഴിലാളികളാണെന്ന് അവരെ സൈറ്റിലേക്ക് കൊണ്ടുവന്നിരുന്ന ബസിന്റെ ഡ്രൈവര്‍ ജിനേഷ്. ബസ് മണ്ണിടിച്ചിലില്‍ മീനാക്ഷി പുഴയില്‍ വീണിരുന്നു. രണ്ടുദിവസത്തെ അവധിയില്‍ പോയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ് ജിനേഷ്. സാധാരണ ഇരുന്നൂറിലേറെ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതാണെന്നും പണി നിര്‍ത്തിവെച്ചതോടെ ആളുകളുടെ എണ്ണം കുറഞ്ഞെന്നും ജിനേഷ് പറഞ്ഞു. കൂടുതലും ബിഹാര്‍, രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളളവരായിരുന്നുവെന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ മാത്രമാണ് മലയാളികളായി ഉണ്ടായിരുന്നതെന്നും ജിനേഷ് വ്യക്തമാക്കി.
‘ഞാന്‍ ലീവായിരുന്നു. മീനാക്ഷി അമ്പലത്തിന് സമീപത്താണ് സാധാരണ ബസ് നിര്‍ത്തിയിടാറുളളത്. ബസുടമയായിരുന്നു ഇന്നലെ തൊഴിലാളികളെ കൊണ്ടുവന്നത്. അവര്‍ ചായ കുടിക്കാനായി പുറത്തേക്കിറങ്ങി മൂന്ന് മിനിറ്റിനുളളിലാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായ തൊഴിലാളികളുമായി നല്ല ബന്ധമാണുളളത്. 9 മാസമായി അവരെ സൈറ്റിലേക്ക് എത്തിച്ചിരുന്നത് ഞാനായിരുന്നു. രാവിലെ അവരെ എത്തിച്ച് 12 മണി വരെയൊക്കെ ബസില്‍ തന്നെ ഇരിക്കാറാണ് പതിവ്. ലീവെടുത്തതുകൊണ്ടാണ് രക്ഷപ്പെട്ടത്. സാധാരണ 3-4 ട്രിപ്പ് ആണ് എടുക്കാറുളളത്. നാല്‍പ്പതോളം പേരെയാണ് സ്ഥിരം കൊണ്ടുവരാറുളളത്. ഇരുന്നൂറോളം പേരാണ് സൈറ്റില്‍ നേരത്തെ ജോലി ചെയ്തിരുന്നത്. പണി നിര്‍ത്തിവെച്ചതിനാല്‍ കുറഞ്ഞു. കൂടുതല്‍ ബിഹാര്‍, രാജസ്ഥാന്, മധ്യപ്രദേശ് , ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളളവരായിരുന്നു. ഉദ്യോഗസ്ഥര്‍ രണ്ടുമൂന്നുപേര് മാത്രമാണ് മലയാളികളായി ഉണ്ടായിരുന്നത്. നീക്കം ചെയ്യാന്‍ വെച്ച ഇളക്കിയ മണ്ണല്ല അപകടമുണ്ടാക്കിയത്. പുതിയ മണ്ണാണ് ഇടിച്ചുകുത്തി വന്നത്’: ജിനേഷ് പറഞ്ഞു.
അതേസമയം, മേപ്പാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ ഉണ്ടായ തുരങ്കപാത നിര്‍മാണ മേഖലയിലെ അപകടത്തില്‍ ഇനി കണ്ടെത്താനുളളത് കരാര്‍ കമ്പനി ജീവനക്കാരടക്കം അഞ്ച് പേരെയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത് ഇന്ന് നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍, ബിഹാര്‍ സ്വദേശി ബികാഷ് കുമാര്‍, ജാര്‍ഖണ്ഡ് സ്വദേശി അന്മോല് എന്നിവരാണ് മരിച്ചത്.
