സ്വിച്ച് ബോർഡിൽ പല്ലിയും പാറ്റയും; അടിച്ചിറക്കിയാൽ ലാഭിക്കാം വൈദ്യുതി ബില്ലിൽ 3000 രൂപ, എളുപ്പവഴിയുണ്ട്
സ്വിച്ച് ബോർഡുകളുടെ അകത്ത് കയറിപ്പറ്റി തീയും പുകയും തുപ്പുന്ന കുഞ്ഞൻ പല്ലികളും പാറ്റയും മോഷ്ടിച്ച് കൊണ്ടുപോകുന്ന വൈദ്യുതി ചെറുതല്ല കേട്ടോ. ആ സ്‌പാർക്കും ഷോർട് സർക്കീറ്റും ഒഴിവാക്കിയാൽ വർഷം 1,200– 3,000 രൂപ ലാഭിക്കാം!
സ്വിച്ച് ബോർഡിലെ ഫേസ്, ന്യൂട്രൽ അല്ലെങ്കിൽ എർത്ത് ടെർമിനലുകൾക്കിടയിലേക്ക് പല്ലിയോ പാറ്റയോ കയറുമ്പോൾ അവയുടെ ശരീരം വൈദ്യുതി കടത്തിവിടുന്ന മാധ്യമം ആയി മാറും. ഇത് ടെർമിനലുകൾക്കിടയിൽ തുടർച്ചയായി ചെറിയ തോതിൽ വൈദ്യുതി ചോർത്തും (ഷോർട് സർക്കീറ്റ്). അതുകൊണ്ടാണ് ചെറുതായി തീപ്പൊരികൾ വരുന്നതും ശബ്ദം കേൾക്കുന്നതും.
ചെറിയ ഷോർട് സർക്കീറ്റ് വഴി 25– 50 വാട്സ് വരെ വൈദ്യുതി നഷ്ടമാകുന്നുവെന്ന് കരുതുക.
∙ ഒരു ദിവസത്തെ നഷ്ടം : 0.6– 1.2 യൂണിറ്റ്
∙ ഒരു മാസത്തെ നഷ്ടം (30 ദിവസം) : 18– 36 യൂണിറ്റ്
∙ ഒരു വർഷത്തെ നഷ്ടം (12 മാസം) : 216– 432 യൂണിറ്റ്
∙ കെഎസ്ഇബി നിരക്ക് യൂണിറ്റിന് 6.5 രൂപയാണെന്നു പരിഗണിക്കുക.
∙ ഒരു ദിവസത്തെ നഷ്ടം : 3.9– 7.8 രൂപ
∙ ഒരു മാസത്തെ നഷ്ടം : 100– 250 രൂപ
∙ ഒരു വർഷത്തെ നഷ്ടം (12 മാസം) : 1,200– 3,000 രൂപ
പല്ലിയെയും പാറ്റയെയുമെല്ലാം സ്വിച്ച് ബോർഡിൽ നിന്ന് അടിച്ചിറക്കിയാൽ ഈ നഷ്ടം തടയാം. വോൾട്ടേജ് വ്യതിയാനം, സ്വിച്ചുകൾ, കേബിളുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ നന്നാക്കാൻ ചെലവാകുന്ന തുക കൂടെ ചേർത്താൽ ലാഭം ഇനിയും കൂടും.
എങ്ങനെ ഇവയെ പുറത്താക്കാം
∙ മെയിൻ സ്വിച്ച് അല്ലെങ്കിൽ എംസിബി ഓഫാക്കുക.
∙ സ്വിച്ച് ബോർഡിന് ഉള്ളിലേക്ക് വെള്ളമോ കീടനാശിനി സ്പ്രേകളോ സോപ്പ് വെള്ളമോ അടിക്കരുത്.
∙ വൈദ്യുതി നിലച്ചെന്ന് ടെസ്റ്റർ ഉപയോഗിച്ച് ഉറപ്പാക്കിയതിന് ശേഷം സ്വിച്ച് ബോർഡ് തുറക്കുക.
∙ ഉണങ്ങിയ ബ്രഷോ തുണിയോ ഉപയോഗിച്ച് ഉള്ളിലെ പൊടിയും ജീവികളുടെ കൂടും കരിഞ്ഞ അവശിഷ്ടങ്ങളും വൃത്തിയാക്കാം.
∙ കേബിളുകൾ വരുന്ന ചെറിയ ദ്വാരങ്ങൾ വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ച് അടയ്ക്കുക.
∙ ബോർഡ് തിരികെ സ്ക്രൂ ചെയ്ത് ഉറപ്പിച്ച ശേഷം മെയിൻ സ്വിച്ച് ഓൺ ചെയ്യാം.
