തൂഫാനും തണ്ടറും; പെൺസുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ട്, മാനസികപ്രശ്നം; കളംമാറ്റി ലഹരിവിൽപ്പനക്കാർ
കൊച്ചി: ലഹരിക്കെതിരേ പോലീസിന്റെ തൂഫാനും എക്സൈസിന്റെ തണ്ടറും ശക്തിപ്പെട്ടപ്പോൾ പരുങ്ങലിലായ ലഹരിസംഘങ്ങൾ കളംമാറ്റിച്ചവിട്ടുന്നു. ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ വിൽപ്പന നടത്താനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്.
രക്ഷപ്പെടാനായി മാനസികപ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും ചിലർ നടത്തുന്നു. സുഹൃത്തുക്കളുടെ പേരിലുള്ള സിംകാർഡുകളുപയോഗിക്കുന്നവരും പെൺസുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങുന്നവരുമുണ്ട്. പരിശോധന കൂടിയതോടെ ചിലർ ഓൺലൈൻ ഡെലിവറി ജീവനക്കാരെ ഉപയോഗിച്ച് വിതരണം നടത്താൻ ശ്രമംതുടങ്ങി.
വിതരണം ‘ഡ്രോപ് പോയിന്റുകൾ’ വഴി
മയക്കുമരുന്ന് നേരിട്ട് കൈമാറുന്നതിനുപകരം, സംഘാംഗങ്ങൾ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ വസ്തുക്കൾ ഒളിപ്പിച്ച്, മെസേജുകൾ വഴി ലൊക്കേഷനോ, കണ്ടെത്താനുള്ള സൂചനകളോ അയച്ചുകൊടുക്കും. ചെറിയ അളവിലാണെങ്കിൽ മരത്തിന്റെ പൊത്തിലോ പാർക്കിലെ ബെഞ്ചിനടിയിലോ ഒളിപ്പിക്കും. കാടുപിടിച്ച പറമ്പുകളോ ആളൊഴിഞ്ഞ സ്ഥലങ്ങളോ ആണ് തിരഞ്ഞെടുക്കാറുള്ളത്. ആളുവന്ന് എടുക്കുന്നുണ്ടോയെന്ന് മാറിനിന്ന് നിരീക്ഷിക്കും.
മൊത്തക്കച്ചവടക്കാർ വലിഞ്ഞു
പരിശോധനകൾ കടുത്തതോടെ മൊത്തക്കച്ചവടക്കാർ ഉൾവലിഞ്ഞിട്ടുണ്ട്. വിതരണസംഘങ്ങൾ കൈവശംസൂക്ഷിക്കുന്ന ലഹരിയുടെ അളവുംകുറച്ചു. അതിർത്തികളിൽ പരിശോധന കർശനമാക്കിയതോടെ തൊഴിൽതേടി എത്തുന്ന മറുനാട്ടുകാരെപ്പോലെ സംഘങ്ങൾ കേരളത്തിലേക്ക് എത്തുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വൻതുക കമ്മിഷൻ നൽകിയാണ് ബസിലും മറ്റും സാധനമെത്തിക്കുക. ട്രാഫിക് സിഗ്നലുകളുള്ള ജങ്ഷനുകളിൽ വാഹനം നിർത്തുന്ന സമയത്തിനിടെയാണ് കൈമാറ്റം. അതുവരെയുള്ള കാര്യങ്ങൾ മൊബൈൽഫോണിലൂടെ നിയന്ത്രിക്കും. ബെംഗളൂരു, ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് രാസലഹരി എത്തിക്കുന്നതിനും ഇവരുടെ സഹായംതേടിയിട്ടുണ്ട്.
