ഇതാണ് ഇന്ത്യയുടെ ഒരേയൊരു ‘ചക്ക തലസ്ഥാനം’; ചക്ക വിറ്റ് കോടികൾ കൊയ്യുന്ന നാടിനെക്കുറിച്ച് അറിയാം
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക മലയാളികൾക്ക് വെറുമൊരു പഴമല്ല, മറിച്ച് ഒരു വികാരം തന്നെയാണ്. ക്രിസ്പി ചക്കച്ചിപ്സ്, ചക്ക പായസം, ചക്ക പുഴുക്ക്, ചക്ക ഷെയ്ക്ക് തുടങ്ങി മലയാളികൾക്ക് ചക്കയോടുള്ള ഇഷ്ടം പറയേണ്ടതില്ലല്ലോ. മലയാളികൾക്ക് ഇത്രയും ഇഷ്ടമുള്ള ചക്കയുടെ തലസ്ഥാനം എവിടെയാണെന്ന് നിങ്ങൾക്ക് അറിയാമോ? അത്, തമിഴ്നാട്ടിലെ കൂടല്ലൂർ ജില്ലയിലുള്ള ‘പൻരുട്ടി’ എന്ന സ്ഥലമാണ്.
ലോകമെമ്പാടും ചക്കകൾ വൻതോതിൽ കൃഷി ചെയ്ത് കയറ്റുമതി ചെയ്യുന്നതും ഒറ്റ വിളയായി കൃഷി ചെയ്യുന്നതുമായ ഒരേയൊരു സ്ഥലം കൂടിയാണിത്. ഇവിടെ ഓരോ മരവും സീസണിൽ ഏകദേശം 150-250 വരെ ചക്ക നൽകുന്നത്. അതിനാൽ ചക്ക ഉൽപ്പാദനത്തിൽ 45,000 മെട്രിക് ടൺ മുതൽ 50,000 മെട്രിക് ടൺ വരെ വാർഷിക ഉൽപാദന ശേഷി പൻരുട്ടിക്കുണ്ട്. ഇവിടത്തെ ചൂടുള്ള കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ചക്ക കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ചില മരങ്ങൾക്ക് 250 വർഷത്തിലേറെ പഴക്കമുണ്ട്. സീസൺ ആയാൽ പൻരുട്ടിയിലെ മാർക്കറ്റുകൾ മുഴുവൻ ചക്കകൊണ്ട് നിറയും. ഇവിടെയുള്ള ഭൂരിഭാഗം കർഷകരുടെയും പ്രധാന വരുമാനമാർഗവും ചക്ക കൃഷി തന്നെയാണ്.
പൻരുട്ടി ചക്കയുടെ പ്രത്യേകതകൾ അറിയാം
കേരളത്തിലും കർണാടകയിലുമൊക്കെ ഒത്തിരി ചക്ക ഉണ്ടാവാറുണ്ടെങ്കിലും പൻരുട്ടി ചക്കകൾക്ക് ചില പ്രത്യേകതകളുണ്ട്. അസാധ്യ മധുരവും ആകർഷകമായ മണവുമാണ് പ്രധാന പ്രത്യേകത. ഇവയുടെ ചുളകൾ നല്ല കട്ടിയുള്ളതുമാണ്. വലിപ്പത്തിലും ഗുണമേന്മയിലും ഏറ്റവും മുന്നിലാണ് ഇവ. അതുകൊണ്ട് തന്നെ ചക്കപ്പഴമായി കഴിക്കാനും ചിപ്സ്, മിഠായികൾ എന്നിവ ഉണ്ടാക്കാനും പൻരുട്ടി ചക്കയാണ് വ്യാപാരികൾക്ക് പ്രിയം.
പൻരുട്ടിക്കാർക്ക് ചക്ക വെറുമൊരു പഴമല്ല, അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇവിടെയുള്ള കർഷകർ, പ്രത്യേകിച്ച് സ്ത്രീകൾ, ചെറുകിട ബിസിനസുകൾ എന്നിവരുടെ പ്രധാന ഉപജീവന മാർഗം കൂടിയാണ് ചക്ക കൃഷി. തലമുറകളായി കൈമാറിവന്ന കൃഷിരീതികളാണ് അവർക്കിപ്പോഴുമുള്ളത്. ചക്കയ്ക്ക് മാത്രമല്ല, കശുവണ്ടി കൃഷിയുടെ ഉത്പാദനത്തിലും വിപണിയിലും പൻരുട്ടിയെ വെല്ലാൻ മറ്റൊരിടം ഇന്നില്ല.
