മിയയെപ്പോലെ കുഞ്ഞുധ്രുവാനും അതിജീവിക്കണം; 16 കോടിയിൽ 13 സമാഹരിച്ചു, ഇനിവേണ്ടത് മൂന്നു കോടി
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞുമിയയ്ക്കായി ഒരു നാടാകെ ഒന്നിച്ച് 16 കോടി നേടിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ മിയയ്ക്ക് സമാനമായി എസ്എംഎ ബാധിച്ച കൂത്താട്ടുകളത്തുനിന്നുള്ള അനന്തുവിന്റെയും അശ്വതിയുടെയും മകനായ കുഞ്ഞു ധ്രുവാനുവേണ്ടിയും ധനസമാഹരണ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ്. നാട്ടുകാരുടെയും നല്ലമനസ്സുകളുടെയും സഹായത്തോടെ ‘സേവ് ബേബി ധ്രുവാൻ’ എന്നപേരിലാണ് ക്യാംപെയ്ൻ നടത്തുന്നത്. നിലവിൽ 13 കോടി ലഭിച്ചുവെന്ന് ധ്രുവാനുവേണ്ടി തയ്യാറാക്കിയ സാമൂഹികമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. വേണ്ട തുകയുടെ 81% ലഭിച്ചുവെന്നും 13,00,24,322 രൂപ സമാഹരിക്കാനായെന്നും വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്. ഇനി മൂന്നു കോടിയോളമാണ് കിട്ടാനുള്ളത്.
ഒരുമാസം പ്രായമുള്ളപ്പോഴാണ് രോഗാവസ്ഥ സ്ഥിരീകരിച്ചതെന്ന് ധ്രുവാന്റെ മാതാപിതാക്കൾ പറയുന്നു. കാലുകൾ പൊക്കാതിരുന്നത് കണ്ടപ്പോൾ ഡോക്ടർമാരെ കാണിച്ചു, വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ ധ്രുവാനുവേണ്ടി രാമപുരത്തുനിന്നുള്ള 16 ഓട്ടോ ഡ്രൈവർമാർ ഒരുദിവസം കിട്ടുന്ന കൂലിയും മാറ്റിവെച്ചു. പിറവം- കൂത്താട്ടുകുളം റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസും ഒരുദിവസത്തെ തുക കുഞ്ഞിനായി മാറ്റിവെച്ചിരുന്നു.
ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി. നാഡീകോശങ്ങളുടേയും മോട്ടോർ ന്യൂറോണുകളുടേയും നശീകരണം മൂലം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് സ്പൈനൽ മസ്കുലാർ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികൾ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെ രോഗം ബാധിക്കുകയും ചെയ്യും. പ്രായമേറും തോറും അവസ്ഥ കൂടുതൽ ഗുരുതരമാകും. കുട്ടികളിലാണ് സാധാരണ ഈ രോഗാവസ്ഥ കണ്ടുവരുന്നത്. ജീൻ തെറാപ്പി മാത്രമാണ് ഇതിന് പരിഹാരം.
