താമരശ്ശേരിയിൽ വിദ്യാർഥി സ്‌കൂളിൽ വ്യാജ മദ്യം എത്തിച്ച സംഭവം; പൊലീസിന് ഗുരുതരവീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥി സ്‌കൂളിൽ വ്യാജ മദ്യം എത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച. വാറ്റ് ചാരായം നിർമിച്ച രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് ഇയാൾ വിദേശത്തേക്ക് പോയത്. ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാത്തതാണ് പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായകമായത്.
ജൂൺ 25 നാണ് വാട്ടർ ബോട്ടിലിൽ വ്യാജമദ്യവുമായി വിദ്യാർഥി പിടിയിലായത്. ചോദ്യം ചെയ്യലിലാണ് മറ്റൊരു വിദ്യാർഥിയാണ് മദ്യം എത്തിച്ചു നൽകിയെന്ന വിവരം അറിഞ്ഞത്. മദ്യം കൊണ്ടുവന്ന കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛനിൽ നിന്നാണ് തനിക്ക് മദ്യം ലഭിച്ചത് എന്ന വിവരം പുറത്തുവന്നത്. അച്ഛന് വ്യാജവാറ്റുണ്ടെന്നും വിദ്യാർഥി പറഞ്ഞിരുന്നു. തുടർന്നാണ് വീട് പരിസരത്ത് പൊലീസ് സംഘം പരിശോധിച്ചത്.
പരിശോധനയിൽ 56 കുപ്പി വ്യാജമദ്യവും 220 കുപ്പി വാറ്റ് ചാരായവും കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് നടപടികൾ വൈകിപ്പിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. പൊലീസ് കൃത്യമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിൾ ഇയാൾക്ക് വിദേശത്തേക്ക് പോവാൻ കഴിയില്ലായിരുന്നു. പല കുട്ടികൾക്കും ഇത്തരത്തിൽ വാറ്റ് ചാരായം പതിവായി വിദ്യാർഥി എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു.
