48 മണിക്കൂറിനകം പൊളിച്ചുനീക്കണം എന്ന് കലക്ടറുടെ ഉത്തരവ്; ഒരാഴ്ചയായിട്ടും കെട്ടിടം പൊളിക്കാതെ ഉടമയും പഞ്ചായത്തും

Share our post

ധർമടം : അപകടാവസ്ഥയിലാണെന്ന് കണ്ടതിനെത്തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ 48 മണിക്കൂറിനകം പൊളിച്ചു നീക്കാൻ ഉത്തരവായ കെട്ടിടം പൊളിച്ചു നീക്കിയില്ല. മേലൂർ പോസ്റ്റ് ഓഫിസിന് സമീപം ബീഡി കമ്പനി പ്രവർത്തിച്ച കെട്ടിടമാണ് പരിസരത്തുള്ളവരിൽ ഭീതി പരത്തുന്നത്. കെട്ടിടം ജീവന് ഭീഷണിയാണെന്ന് കാട്ടി പരിസരവാസി വി.കെ.ഷാജി നൽകിയ പരാതിയെത്തുടർന്നാണ് ഉടമ കെട്ടിടം പൊളിച്ചു നീക്കണമെന്നും അല്ലെങ്കിൽ പഞ്ചായത്ത് പൊളിച്ചു നീക്കി ചെലവ് ഉടമയിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവായത്. രേഖാമൂലമുള്ള ഉത്തരവ് പുറപ്പെടുവിച്ചു ഒരാഴ്ച പിന്നിട്ടിട്ടും ഉടമയോ പഞ്ചായത്തോ കെട്ടിടം പൊളിച്ചുമാറ്റിയില്ല.

നേരത്തെ ധർമടം പഞ്ചായത്ത് സാങ്കേതിക വിഭാഗം സ്ഥല പരിശോധന നടത്തി കെട്ടിടത്തിന്റെ ചുമരിൽ വിള്ളലുണ്ടെന്നും മഴക്കാലത്ത് കെട്ടിടം തകരാൻ സാധ്യതയുണ്ടെന്നും പരിസരവാസികളുടെയും യാത്രക്കാരുടെയും ജീവനും സ്വത്തിനും ഗുരുതരമായ അപകട ഭീഷണി സൃഷ്ടിക്കുന്നതാണെന്നും റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ ജൂൺ 10ന് അകം കെട്ടിടം ഉടമകൾ പൊളിച്ചു നീക്കണമെന്ന് കാട്ടി പഞ്ചായത്ത് നോട്ടിസ് നൽകിയതായി സെക്രട്ടറി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിരുന്നു. എന്നിട്ടും കെട്ടിടം പൊളിച്ചു മാറ്റിയില്ലെന്ന് കാട്ടി ഷാജി കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂൺ 23ന് കലക്ടർ 48 മണിക്കൂറിനകം കെട്ടിടം ഉടമകൾ പൊളിച്ചു മാറ്റണമെന്ന് ഉത്തരവായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!