ഡി.ആർ.കോംഗോയിലെ എബോള വ്യാപനം; മരണം 223, രോഗികൾ 906, മരണനിരക്ക് 30-50% വരെയെന്ന് ലോകാരോഗ്യസംഘടന
ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിൽ മരണനിരക്ക് 223-ഉം രോഗികളെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 906-ഉം ആയെന്ന് ലോകാരോഗ്യസംഘടന. കോംഗോയിൽ എബോളയുടെ ബൂൻഡിബുഗ്യോ വകഭേദത്തിന്റെ വ്യാപനം തുടരുകയാണെന്നും ഉഗാണ്ടയിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന വെള്ളിയാഴ്ച വ്യക്തമാക്കി.
ഡി.ആർ. കോംഗോയിൽ 125 എബോള കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ ഇട്ടൂരി, നോർത്ത് കിവു സൗത്ത് കിവു എന്നിവിടങ്ങളിൽ 17 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ മരണനിരക്ക് മുപ്പതുശതമാനം മുതൽ അമ്പതു ശതമാനം വരെയാണെന്ന് ലോകാരോഗ്യസംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാമിന്റെ ഭാഗമായ ഹൈ ത്രെറ്റ് പാത്തോജൻസ് ടീമിൽ നിന്നുള്ള അനൈസ് ലെഗാൻഡ് പറഞ്ഞു.
രോഗബാധിതരാകുന്ന 10 പേരിൽ അഞ്ച് പേർ വരെ മരിക്കാൻ സാധ്യതയുണ്ടെന്നും അനൈസ് പറഞ്ഞു. രോഗം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നത് മരണനിരക്ക് കുറയ്ക്കുമെന്നും അനൈസ് വ്യക്തമാക്കി.
അതിനിടെ ആഫ്രിക്കൻരാജ്യങ്ങളിൽ എബോള വൈറസ് രോഗം പടരുന്നത് നിലവിൽ സംസ്ഥാനത്ത് ഭീഷണിയായിട്ടില്ലെങ്കിലും ആശുപത്രികളും മറ്റും സജ്ജമാക്കി എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ കേന്ദ്രം കേരളത്തോട് നിർദേശിച്ചു. രോഗലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന, ജില്ലാതലങ്ങളിൽ ദ്രുതകർമസേനയെ (ആർ.ആർ.ടി.) സജ്ജമാക്കാനും നിർദേശമുണ്ട്. തിരുവനന്തപുരം, കൊച്ചി, പരിയാരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കോവിഡ്കാലത്ത് ഒരുക്കിയ സുരക്ഷാസൗകര്യങ്ങളെല്ലാം എബോളയ്ക്കായി ഉപയോഗിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് നിലവിലെ വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ.
2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.
എബോള വൈറസ് വ്യാപനം
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക..
