കാമുകൻ ഇതരസംസ്ഥാനക്കാരൻ; പ്രസവിച്ചയുടൻ കുഞ്ഞിനെ പുറത്തെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ടാ

Share our post

ഹരിപ്പാട്: സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ യുവതി, കുട്ടിയെ വേണ്ടെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി.) അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ അധികൃതർ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് 19 വയസ്സുള്ള യുവതിയുടെ മൊഴി. വയറ്റിൽ കൊഴുപ്പ് അടിഞ്ഞതാണെന്നാണു കരുതിയത്. എറണാകുളത്ത് പഠനത്തിനൊപ്പം ജോലിചെയ്യുകയാണ്. അവിടെ പരിചയപ്പെട്ട ഇതരസംസ്ഥാനക്കാരനുമായി അടുപ്പമുണ്ടായിരുന്നു. അടുത്തകാലത്തായി അയാളുമായി ബന്ധമില്ല.

താൻ ഗർഭിണിയായതും പ്രസവിച്ചതും അയാൾ അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് യുവതി പറയുന്നത്. യുവതിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും വീട്ടിലുണ്ട്. മൂന്നു മാസമായി യുവതിയും വീട്ടിലുണ്ട്.

വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നു മരുന്നു വാങ്ങിയിട്ടുണ്ടെന്നും അതു കഴിക്കാനാണ് വീട്ടിൽ നിൽക്കുന്നതെന്നുമാണ് ഇവർ ബന്ധുക്കളോടു പറഞ്ഞിരുന്നത്.

വീഴ്ചയിൽ കുഞ്ഞിനു പരിക്കുകളില്ല. 2.9 കിലോ ഭാരമുണ്ട്. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒൻപതിന് വയറുവേദനയ്ക്ക് ചികിത്സതേടിയെത്തിയ യുവതി രാത്രി ഒരു മണിയോടെയാണ് പ്രസവിച്ചത്. കരച്ചിൽകേട്ട ആശുപത്രി ജീവനക്കാരാണ് ശൗചാലയത്തിന്റെ പിന്നിൽനിന്നു കുഞ്ഞിനെ കണ്ടെടുത്തത്.

സംഭവം പോലീസിൽ അറിയിച്ചശേഷം അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിനാൽ യുവതിക്കെതിരേ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. പോലീസ് നിരീക്ഷണത്തിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.

60 ദിവസം കാത്തിരിക്കും, പിന്നാലെ ഏറ്റെടുക്കും

അമ്മയെ ആശുപത്രിയിൽനിന്നു വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്കു മാറ്റും. അവിടെ 60 ദിവസം പരിചരിക്കും. ഈ സമയംവരെ അമ്മയ്ക്ക് വേണമെങ്കിൽ കുഞ്ഞിനെ കൊണ്ടുപോകാം. സമയപരിധി കഴിഞ്ഞാൽ ശിശുക്ഷേമസമിതി ഏറ്റെടുക്കും. അതുകഴിഞ്ഞാൽ അമ്മയ്ക്ക് അവകാശമുന്നയിക്കാനാകില്ല.

കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി

അമ്മ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ സി.ഡബ്ള്യു.സി. തീരുമാനിച്ചു. ചൈൽഡ്‌ ലൈൻ വഴി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആയിരക്കണക്കിനാളുകളാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആശുപത്രി ജീവനക്കാർ കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങളുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!