ഹൈക്കോടതി സ്‌റ്റേ ഒഴിവാക്കിയത് ചൊവ്വാഴ്ച; 24 മണിക്കൂറിനകം റെയ്ഡ് ആരംഭിച്ച് ഇഡി, ചോദ്യമുനയിൽ പിണറായി

Share our post

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ പരിശോധനകൾ പുനഃരാരംഭിച്ച് ഇഡി. എക്‌സാലോജിക്-സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം.

ഇഡി അന്വേഷണത്തിന് ഉണ്ടായിരുന്ന സ്റ്റേ നീങ്ങിയതോടെ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടി വരും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഒരുപടികൂടി കടന്ന്, പിണറായി വിജയന്റെ വീട്ടിലും, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വീട്ടിലും സിഎംആർഎൽ ഓഫീസുകളിലും ബുധനാഴ്ച രാവിലെയോടെ ഇഡി പരിശോധനകൾ ആരംഭിച്ചു.

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സലോജിക് എന്ന സ്ഥാപനത്തിന് സിഎംആർഎൽ വൻതുക നിയമവിരുദ്ധമായി നൽകിയെന്നതാണ് പ്രധാന ആരോപണം.

ഈ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച നിരവധി ഹർജികൾ വിജിലൻസ് കോടതികളും പിന്നീട് ഹൈക്കോടതിയും തള്ളിയിട്ടുണ്ട്. എന്നാൽ ഇഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (SFIO) ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്.

സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി തങ്ങൾക്കെതിരെ ആരംഭിച്ച നടപടികൾ റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. സിഎംആർഎല്ലും നാല് ഉദ്യോഗസ്ഥരുമാണ് ഹർജികൾ ഫയൽ ചെയ്തിരുന്നത്. ഈ ഹർജികൾ തള്ളിക്കൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി തുടരന്വേഷണം അനുവദിച്ചതിന് പിന്നാലെയാണ് ഇഡി റെയ്ഡുകൾ ആരംഭിച്ചത്.

പിണറായി വിജയനേയും മകൾ വീണാ വിജയനേയും ഇഡി ചോദ്യംചെയ്യുകയാണ് എന്നാണ് വിവരം. ഇഡി നടപടിക്കെതിരെ പിണറായിയിൽ അടക്കം പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ പിണറായി വിജന്റെ കണ്ണൂരിലെ വീട്ടിലെത്തി. റെയ്ഡിനെതിരെ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ‘വളഞ്ഞിട്ടടിച്ചോളൂ, പക്ഷേ സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല’ എന്നാണ് റിയാസിന്റെ പ്രതികരണം.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!