ഇ.ഡി. റെയ്ഡ്; അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ച് സി.പി.എം വ്യാപക പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റേതുൾപ്പെടെയുള്ള വീടുകളിലും സി.എം.ആർ.എൽ. ഓഫീസുകളിലും തുടരുന്ന ഇ.ഡി. റെയ്ഡിൽ സംസ്ഥാന വ്യാപക പ്രതിഷേധം. റെയ്ഡിന്റെ പശ്ചാത്തലത്തിൽ രാവിലെ 10 മണിക്ക് അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. ഓൺലൈനായാണ് യോഗം. പ്രതിഷേധ പരിപാടികൾ എങ്ങനെയാവണമെന്ന് യോഗത്തിൽ തീരുമാനിക്കും. രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്ന് സി.പി.എം. നേരത്തേ പ്രതികരിച്ചിരുന്നു.
സംഭവത്തിൽ യു.ഡി.എഫ്. സർക്കാരിന്റെ പങ്ക് സംശയിച്ചും സി.പി.എം. നേതൃത്വം രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തിൽ ഭയപ്പെട്ട് പിന്നോട്ടുപോകില്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അറിയിച്ചു. വളഞ്ഞിട്ടടിച്ചോളൂ. പക്ഷേ, സംഘപരിവാരിന് മുന്നിൽ കുമ്പിടില്ല എന്നാണ് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. പ്രതികരിച്ചത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകയിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടക്കുന്നത്. രാവിലെ ആറുമുതൽ തുടങ്ങിയ പരിശോധന നാല് മണിക്കൂർ പിന്നിട്ടു. പിണറായിയുടെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും റെയ്ഡ് നടക്കുന്നു. പിണറായിയേയും വീണ വിജയനേയും ഇ.ഡി. ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മുന്നറിയിപ്പില്ലാതെ നടത്തിയ റെയ്ഡിൽ സി.പി.എം. വ്യാപകമായി പ്രതിഷേധിക്കുകയാണ്.
