സതീശൻ ഡൽഹിയിലെത്തി മോദിയെ കണ്ടു, പിറ്റേന്ന് പിണറായിയുടെ വീട്ടിൽ റെയ്ഡ്; ആസൂത്രിതനീക്കം- പി. ജയരാജൻ
കണ്ണൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ റെയ്ഡ് നടക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെത്തി സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ. ബിജെപിയും കോൺഗ്രസും ചേർന്നുള്ള ഒരു സംയുക്ത ഓപ്പറേഷന്റെ തുടക്കമാണ് റെയ്ഡ് എന്നുപറഞ്ഞ ജയരാജൻ ഇഡി നീക്കത്തെ അപലപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുവന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് ആരംഭിച്ചതിന് പിന്നിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
‘രാഹുൽ ഗാന്ധി കേരളത്തിൽ തിരഞ്ഞെടുപ്പിന് വന്നപ്പോൾ, എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു പരസ്യമായി ചോദിച്ചത്. ബംഗാളിലും തൃപുരയിലും സിപിഎമ്മിനെ തകർക്കാനുള്ള പദ്ധതി സംഘപരിവാർ ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ്. അതിന്റെ തുടർച്ചയായി, സാംസ്‌കാരിക മാർക്‌സിസത്തെ ഉന്മൂലനം ചെയ്യണമെന്ന് നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, ഇടതുപക്ഷത്തെ തകർക്കാനുള്ള കൃത്യമായ ആസൂത്രണമാണ് നടന്നിട്ടുള്ളതെന്നും പി. ജയരാജൻ ആരോപിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ പിണറായിയുടെ വീട്ടിൽ റെയ്ഡ്, തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയ്ഡ്, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വീട്ടിൽ റെയ്ഡ്.. ഇത് കൃത്യമായ പ്ലാനിങ്ങാണ്.’ അദ്ദേഹം ആരോപിച്ചു.
‘ഈ പ്ലാനിങ്ങ് സമൂഹം തിരിച്ചറിയുമെന്നാണ് വിശ്വസിക്കുന്നത്. എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഡൽഹിയിൽ ആ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയെ മാറ്റി പുതിയ ജഡ്ജിയെ കൊണ്ടുവന്നു. ആ കേസിൽ വിധി പറയുന്നതിന് മുമ്പേ, കേരള ഹൈക്കോടതിയിൽനിന്ന് അന്വേഷണത്തിന് അനുമതി വാങ്ങിച്ചുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണ നടപടികൾ.’ പി. ജയരാജൻ കൂട്ടിച്ചേർത്തു.
‘ഇഡി ഇപ്പോൾ സംഘപരിവാറിന്റെ ഒരു എക്‌സ്ട്രാ ഡിപ്പാർട്ടുമെന്റായിട്ടാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺഗ്രസ് നേതാക്കന്മാർ. സംഘപരിവാറിനെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കന്മാരെ ഇതേപോലെ കള്ളക്കേസിൽ പ്രതി ചേർക്കാൻ വേണ്ടി നടത്തിയിട്ടുള്ള ഹീനമായ ശ്രമങ്ങൾ നമുക്ക് മനസിലാകുന്നുണ്ട്. ആ ഹീനമായ ശ്രമങ്ങളുടെ കേരളത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമാണ് ഈ ഇഡി ഓപ്പറേഷൻ.’ ജയരാജൻ ആരോപിച്ചു.
‘ഇതും സമൂഹം വൈകാതെ തിരിച്ചറിയും. കാരണം, മതനിരപേക്ഷതയുടെ കാര്യത്തിൽ ഇന്ത്യയിൽതന്നെ സംരക്ഷിത തുരുത്തായാണ് കേരളം നിലനിൽക്കുന്നത്. പലയിടത്തും സംഘപരിവാർ കോൺഗ്രസിനെ വിഴുങ്ങിക്കഴിഞ്ഞു. ഇടതുപക്ഷം കൈക്കൊള്ളുന്ന ഉറച്ച നിലപാടുകൊണ്ടാണ് അവർക്ക് കേരളത്തെ വിഴുങ്ങാൻ കഴിയാത്തത്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇടതുപക്ഷത്തെ തകർത്തുകൊണ്ട് മാത്രമേ ബിജെപിക്ക് കേരളത്തിൽ ആധിപത്യം സ്ഥാപിക്കുവാൻ കഴിയുകയുള്ളൂ. അതിനായി സിപിഎം വിരോധവും ഇടതുപക്ഷ വിരോധവും ഉദ്ദീപിപ്പിച്ച്, ഇടതുപക്ഷ ജ്വരമുണ്ടാക്കി, ബിജെപിക്ക് അനുകൂല അന്തരീക്ഷമുണ്ടാക്കി കൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. അതിന്റെ ഭാഗമായ ഈ റെയ്ഡിനെ നിയമപരമായും രാഷ്ട്രീയപരമായും സിപിഎം എതിർത്ത് തോൽപ്പിക്കുക തന്നെ ചെയ്യും.’ അദ്ദേഹം വ്യക്തമാക്കി.
‘ഈ നീക്കംകൊണ്ട് പാർട്ടിയുടെ നേതൃത്വത്തെയോ പിണറായി വിജയനെന്ന് പോളിറ്റ് ബ്യൂറോ മെമ്പറെയോ തകർക്കാം എന്നുള്ളത് സംഘപരിവാറിന്റെ വെറും വ്യാമോഹം മാത്രമാണ്. അത് കാലം തെളിയിക്കുക തന്നെ ചെയ്യും. അധികാരത്തിൽനിന്ന് ഇടതുപക്ഷത്തെ പുറത്താക്കുക എന്നതുതന്നെ അവർ കൃത്യമായി പ്ലാൻ ചെയ്തതാണ്. ഇത് കേരളത്തിലെ ജനങ്ങൾ മനസിലാക്കണം.’ പി. ജയരാജൻ പറഞ്ഞു.
