‘അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം’; പ്രൊജക്ട് സീറോ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Share our post

തിരുവനന്തപുരം: പ്രൊജക്ട് സീറോ കര്‍മപദ്ധതി ആരംഭിച്ച് ആഭ്യന്തര വകുപ്പ്. കേരളത്തെ മുഴുവനായും അഴിമതി മുക്തമാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് ഇനി മുതല്‍ നേരിട്ടറിയിക്കാമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ലെന്നും അവരെ വിജിലന്‍സ് നിരീക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

‘അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. ഒരാളുടെയും വിവരങ്ങള്‍ പുറത്തുപോകില്ല. അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ല. അവരെ വിജിലന്‍സ് നിരീക്ഷിക്കും. പരിപൂര്‍ണമായും ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തുക എന്നതാണ് ലക്ഷ്യം. പാവപ്പെട്ടവന് പണം കൊടുക്കാതെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവണം. പണം കൊടുത്ത് കാര്യം നടത്തുന്ന നിലപാട് ഉപേക്ഷിക്കണം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് ആനുകൂല്യങ്ങളല്ല. അവകാശമാണ്. ജനങ്ങളുടെ സഹായമുണ്ടെങ്കില്‍ പദ്ധതി വിപ്ലവമാകും. അഴിമതി കൂടുതല്‍ ഡിജിറ്റല്‍ മാര്‍ഗം വഴിയാണ്. ഡിജിറ്റല്‍ അഴിമതിയെയും ഫലപ്രദമായി നേരിടാനുളള പദ്ധതിയാണിത്. അഴിമതി തടയാനുളള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കും. ജനങ്ങളില്‍ അവബോധമുണ്ടാക്കും. അഴിമതിയെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാണ് പരിശ്രമം’; രമേശ് ചെന്നിത്തല പറഞ്ഞു.

വിജിലന്‍സ് മാന്വല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. മാന്വല്‍ പരിഷ്‌കരണത്തിന്റെ കരട് തയ്യാറായി. വിജിലന്‍സ് മേധാവി തയ്യാറാക്കിയ കരട് പരിശോധിക്കും. ഞാന്‍ കൂടി പരിശോധിച്ച ശേഷം അന്തിമ രൂപം നല്‍കും. ഉദ്യോഗസ്ഥരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും’ രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി കാര്യങ്ങള്‍ ദുഷ്‌കരമാക്കിയെന്നും അതില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

അഴിമതിക്കേസുകള്‍ വേഗത്തില്‍ തീര്‍ക്കണം. കേസുകള്‍ നീണ്ടുപോകുന്നത് ഉദ്യോഗസ്ഥരുടെ കുറ്റമല്ല. കാലതാമസം കുറയ്ക്കാനാണ് തീരുമാനം. അഴിമതിക്കാരുടെ ചെവിക്ക് പിടിക്കാന്‍ കഴിയണം. അതിന് തക്ക രീതിയിലുളള മാറ്റങ്ങള്‍ കൊണ്ടുവരും. മാധ്യമങ്ങളും വിജിലന്‍സിനെ സഹായിക്കണം. എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരല്ല. നല്ലൊരു ശതമാനവും നല്ല ഉദ്യോഗസ്ഥരാണ്. അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കില്ല. കഴിഞ്ഞ കാലത്തെ പോലെയായിരിക്കില്ല ഇനി കാര്യങ്ങള്‍. വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഞാന്‍ മുന്‍പ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. വിജിലന്‍സ് മിന്നല്‍ പരിശോധനകള്‍ തുടരും. സര്‍ക്കാര്‍ ഓഫീസുകളിലെ ഏജന്റുമാരെ പിടിക്കും. പണം നല്‍കാതാകുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന രീതി അവസാനിപ്പിക്കും. മറ്റ് വകുപ്പുകളിലെ ആഭ്യന്തര വിജിലന്‍സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും’- രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!