കണ്ണൂർ വിമാനത്താവളത്തിന് സൗരോർജംപ്ലാന്റ് നിർമാണം അന്തിമഘട്ടത്തിൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ സോളാർ പ്ലാന്റിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി. വിമാനത്താവളത്തിലെ വൈദ്യുതിച്ചാർജ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാല് മെഗാവാട്ടിന്റെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. കാർ പാർക്കിങ് ഏരിയയിലും ടെർമിനൽ കെട്ടിടത്തിന്റെ പരിസരത്തുമായാണ് സോളാർപാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. പ്ലാന്റിൽനിന്നുള്ള വൈദ്യുതി ഉപയോഗം ഇതിനകം തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികൾകൂടി പൂർത്തിയാകുന്നതോടെ ഉദ്ഘാടനം നടത്തും.
കിയാലും ഓറിയാന പവർ എന്ന കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 21.65 കോടി രൂപയ്ക്കാണ് കരാർ. വിമാനത്താവളത്തിലെ വൈദ്യുതിനിരക്ക് ഇനത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാക്കാൻ സോളാർപദ്ധതിയിലുടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്രതിദിനം മൂന്നുലക്ഷം രൂപയോളമാണ് വിമാനത്താവളത്തിൽ വൈദ്യുതി ചാർജ് വരുന്നത്. കഴിഞ്ഞവർഷം ജൂണിൽ കെ.എസ്.ഇ.ബി.യുടെ ഭൂഗർഭ കേബിൾ തകരാറായതിനെത്തുടർന്ന് നാലുദിവസം വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി മുടങ്ങിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ഡീസലാണ് അന്ന് വൈദ്യുതിക്കായി വേണ്ടിവന്നത്.
കഴിഞ്ഞ ജൂലായിലാണ് സോളാർ പ്ലാന്റിന്റെ പ്രവൃത്തി തുടങ്ങിയത്. വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്തെ മേൽക്കൂരയിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്.
കൊച്ചി വിമാനത്താവളത്തിന്റെ മാതൃകയിൽ പൂർണമായും സൗരോർജ സഹായത്തോടെ പ്രവർത്തിക്കുന്ന വിമാനത്താവളമായി മാറ്റുകയാണ് ലക്ഷ്യം. 50 മെഗാവാട്ടിന്റെ സോളാർ പ്ലാന്റാണ് കൊച്ചി വിമാനത്താവളത്തിലേത്.
