ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം ; പ്രതികൾക്കെതിരെ വധശ്രമക്കേസ് ചുമത്തിയേക്കും
തിരുവനന്തപുരം: നവകേരള ബസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ വധശ്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയേക്കും. അനിൽ കല്ലിയൂർ, സന്ദീപ് തുടങ്ങിയ പ്രതികൾക്കെതിരെയാണ് ഗുരുതര വകുപ്പുകൾ ചുമത്തുന്നത്.
എ.ഡി.തോമസ് എംഎൽഎ അടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് ഗൺമാൻമാർ ഇവരെ ആക്രമിച്ചത്. പ്രതിഷേധക്കാരെ ഗൺമാനും മറ്റ് പോലീസുകാരും ലാത്തികൊണ്ട് തലയ്ക്ക് അടിച്ചതിന്റെ ദൃശ്യങ്ങൾ എസ്ഐടിക്ക് ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താൻ നീക്കം നടക്കുന്നത്. അതേസമയം കേസ് അന്വേഷിക്കുന്ന എസ്ഐടി അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച ഡിജിപിക്ക് സമർപ്പിക്കും. പ്രതികൾക്കെതിരെ വകുപ്പുതല നടപടിക്കും എസ്ഐടി ശിപാർശ ചെയ്യും.
കേസ് അട്ടിമറിച്ചെന്ന് ആക്ഷേപം നേരിടുന്ന എഡിജിപി എം.ആർ .അജിത് കുമാറിനെതിരായ ആരോപണവും അന്വേഷണ പരിധിയിലേക്ക് എത്തും. മർദനമേറ്റ എ.ഡി. തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി എസ്ഐടി കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു.
