അതിഥിത്തൊഴിലാളികളെ കേരളത്തിലെത്തും മുൻപ് ട്രെയിനിൽനിന്ന് റാഞ്ചാൻ സംഘങ്ങൾ; 200 പേരുടെ സംഘം എത്തിയപ്പോൾ 20 പേർ മാത്രം
കോട്ടയം ∙ കെട്ടിടനിർമാണ കമ്പനികളും കരാറുകാരും ടിക്കറ്റും വഴിച്ചെലവും നൽകി കൊണ്ടുവരുന്ന അതിഥിത്തൊഴിലാളികളെ കേരളത്തിലെത്തും മുൻപ് ട്രെയിനിൽനിന്ന് റാഞ്ചാൻ സംഘങ്ങൾ. ചെന്നൈ, മംഗളൂരു സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. തൊഴിലാളികളെ ‘ഭദ്രമായി’ സംസ്ഥാനത്ത് എത്തിക്കുന്നതിനായി സ്പെഷൽ ട്രെയിൻ വേണമെന്നാവശ്യപ്പെട്ട് ബിൽഡേഴ്സ് അസോസിയേഷൻ റെയിൽവേക്ക് കത്തുനൽകി. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടൽ അഭ്യർഥിച്ച് ഭാരവാഹികൾ സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും.
കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽനിന്ന് കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിലേക്ക് ട്രെയിൻ അനുവദിക്കണമെന്നാണ് ആവശ്യം. കോവിഡ് ലോക്ഡൗണിന് സമാനമായ തൊഴിലാളി ക്ഷാമമാണ് സംസ്ഥാനത്ത്. നിർമാണ മേഖലയിലെ പ്രതിസന്ധി മറികടക്കാനാണ് പണം മുൻകൂറായി നൽകി മേസ്തിരിമാരുടെ നേതൃത്വത്തിൽ പണിക്കാരെ ട്രെയിനിൽ കേരളത്തിൽ എത്തിക്കുന്നത്. യാത്ര തുടങ്ങുമ്പോൾ ആധാർ കാർഡ്, ട്രെയിൻ ടിക്കറ്റ്, തൊഴിലാളി സംഘത്തിന്റെ ഫോട്ടോ തുടങ്ങിയവ മേസ്തിരി പണം മുടക്കിയവർക്ക് അയച്ചുനൽകും.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിൽനിന്ന് മംഗളൂരു വഴിയും ഒഡീഷ, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ചെന്നൈ വഴിയുമാണ് തൊഴിലാളികൾ എത്തുന്നത്. ഇതിനിടയിലുള്ള സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറുന്ന ഏജന്റുമാർ പണിക്കൂലി കൂട്ടിനൽകാമെന്ന് വാഗ്ദാനം ചെയ്ത് തൊഴിലാളികളെ ചെന്നൈക്കും മംഗളൂരുവിനും മുൻപുള്ള ചെറിയ സ്റ്റേഷനുകളിൽ ഇറക്കും. ഇറങ്ങേണ്ട സമയമാകുമ്പോഴാണ് സംഘത്തലവനായ മേസ്തിരി പോലും തൊഴിലാളികൾ കൂടെയില്ലെന്ന് തിരിച്ചറിയുന്നത്.
പണം മുടക്കിയ ആൾ തൊഴിലാളികളെയും കാത്ത് സ്റ്റേഷന് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നാലും ആരുമെത്തില്ല. ഇത്തരത്തിൽ 200 പേരുടെ സംഘമായെത്തി ഇറങ്ങുമ്പോൾ 10– 20 പേർ മാത്രം അവശേഷിച്ച സംഭവവും അടുത്ത കാലത്തുണ്ടായെന്ന് ബിൽഡേഴ്സ് അസോസിയേഷൻ കേരള ചെയർമാൻ കെ.സതീഷ് കുമാർ പറഞ്ഞു.
കോവിഡ് കാലത്താണ് ഇത്തരത്തിലുള്ള തൊഴിലാളിക്കടത്ത് മുൻപ് നടന്നതെന്ന് കരാറുകാർ പറയുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കാണ് ഇങ്ങനെ കടത്തുന്ന തൊഴിലാളികളെ പ്രധാനമായും എത്തിക്കുന്നത്. കേരളത്തിന് സമാനമായ തൊഴിലാളി ക്ഷാമം ഈ സംസ്ഥാനങ്ങളിലുമുണ്ട്. 900– 1,000 രൂപയാണ് ഇവരുടെ ശരാശരി കൂലി. മൺസൂണിൽ പണിദിനങ്ങൾ കുറയുന്നതും പ്രധാന ഭക്ഷ്യയിനങ്ങളായ പരിപ്പ്, കിഴങ്ങുകൾ എന്നിവയുടെ വില കൂടിയതും പരിഗണിക്കുമ്പോൾ 100 രൂപ കൂട്ടിത്തരാമെന്ന് പറഞ്ഞാലും തൊഴിലാളികൾ സമ്മതിക്കും.
പുതിയ ബിജെപി സർക്കാർ അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളുമെന്നും അപ്പോൾ തൊഴിൽ സാധ്യത കൂടുമെന്നുമുള്ള പ്രചാരണം ബംഗാളിലുണ്ട്. അതിനാൽ തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ദേശീയപാത നിർമാണത്തിൽ താൽക്കാലികമായി ചേർന്നവരുമുണ്ട്. എങ്കിലും പെരുന്നാളിന് ശേഷം തൊഴിലാളികൾ തിരിച്ചെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് കെട്ടിടനിർമാണ കമ്പനികളും കരാറുകാരും.
