ഡീസൽ വില 100, യാത്രക്കാർ ഒട്ടുമില്ല, കൂടെ കെ.എസ്.ആർ.ടി.സി -യുടെ ഫ്രീയും; സ്വകാര്യബസുകൾ ‘ബ്രേക്ക് ഡൗണി’ലേക്ക്‌

Share our post

കണ്ണൂർ: ഒൻപത് ദിവസത്തിനുള്ളിൽ മൂന്ന് തവണയായി കുതിച്ചുയർന്ന ഇന്ധനവില..വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് പോയ മറുനാടൻ തൊഴിലാളികൾ തിരികെയെത്താത്ത സാഹചര്യം..ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനം..’ത്രിശങ്കു’വിൽപ്പെട്ട് തകർച്ചയുടെ നെല്ലിപ്പടിയിലേക്കാണ് സ്വകാര്യ ബസുകളുടെ യാത്ര. കോവിഡിനെത്തുടർന്ന് കിതച്ചുതുടങ്ങിയ ബസ് വ്യവസായം നിലവിൽ ഊർധശ്വാസം വലിക്കുന്ന അവസ്ഥയിലാണ്.

കോവിഡിനെത്തുടർന്ന് സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ് ബസ് വ്യവസായത്തെ ആദ്യം ബാധിച്ചത്. മറുനാടൻ തൊഴിലാളികൾ ഇല്ലാത്തതുകാരണം ദിനംപ്രതി ശരാശരി 1,500 രൂപയുടെ വരുമാനനഷ്ടമുണ്ടാകുന്നുവെന്ന ബസുടമകളുടെ വെളിപ്പെടുത്തൽ ഗൗരവതരമാണ്. വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനായി അടുത്ത ദിവസം തന്നെ ഗതാഗതമന്ത്രിയെ കാണാനുള്ള ഒരുക്കത്തിലാണ് ഈ മേഖലയിലെ വിവിധ സംഘടനകൾ.

അഞ്ച് രൂപയോളം വർധന

രണ്ട് വർഷത്തോളം മാറ്റമില്ലാതെ തുടർന്ന ഇന്ധനവില ഇക്കഴിഞ്ഞ 15-നാണ് ലിറ്ററിന് മൂന്ന് രൂപയിലധികം വർധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇന്ധനവില വീണ്ടും കൂടി, ലിറ്ററിന് 86 പൈസ. ശനിയാഴ്ചയാണ് വില വീണ്ടും വർധിച്ചത്. പെട്രോളിന് ലിറ്ററിന് 85 പൈസയുടെയും ഡീസലിന് 88 പൈസയുടെയും വർധന. ഈ ഒൻപത് ദിവസങ്ങൾക്കുള്ളിലുണ്ടായത് ശരാശരി അഞ്ച് രൂപയുടെ വർധനവ്.

നിലവിലെ ഇന്ധനവില ലിറ്ററിന് ഇപ്രകാരം : മാഹി-പെട്രോൾ 98.60 രൂപ, ഡീസൽ 88.52 രൂപ. കണ്ണൂർ-പെട്രോൾ 111.41 രൂപ, ഡീസൽ 99.70 രൂപ. ലോറികളും ബസുകളുമടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫുൾ ടാങ്ക് ഇന്ധനമടിക്കണമെങ്കിൽ വൻ സാമ്പത്തിക ബാധ്യതയാണുണ്ടാകുക. കേരളത്തെ അപേക്ഷിച്ച് ലിറ്ററിന് 12 രൂപയോളം വിലക്കുറവുള്ള മാഹിയിൽനിന്നും ഇന്ധനമടിക്കുക എന്നത് ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് മാത്രമേ പ്രാവർത്തികമാകൂ.

സമ്പൂർണ തകർച്ചയിലേക്ക് നയിക്കും

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് യാത്രാസൗജന്യം അനുവദിക്കാനുള്ള തീരുമാനം കെ.എസ്.ആർ.ടി.സി.യുടെയും സ്വകാര്യ ബസുകളുടെയും തകർച്ചയ്ക്ക് മാത്രമേ വഴിയൊരുക്കൂ. കണ്ണൂർ ജില്ലയിൽ രണ്ടായിരത്തിൽപരം ബസുകൾ ഓടിയിരുന്ന സ്ഥാനത്ത് ഇന്ന് 800 ബസുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ എന്നതിൽനിന്നും സ്വകാര്യ ബസ് വ്യവസായത്തിന്റെ തകർച്ചയുടെ നിരക്ക് മനസ്സിലാക്കാം. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടുന്ന കാര്യം 13 വർഷമായിട്ടും പരിഗണിച്ചിട്ടില്ല. ഗതാഗതമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഭാവിപരിപാടികൾ തീരുമാനിക്കും.

മുന്നോട്ടു പോകാനാകാത്ത സ്ഥിതി

സ്വകാര്യബസിലെ യാത്രക്കാരിൽ 60 ശതമാനവും സ്ത്രീകളാണ് ; ബാക്കിയുള്ളവരിൽ വലിയൊരു ശതമാനം മറുനാടൻ തൊഴിലാളികളും. ഇവരില്ലാതായാൽത്തന്നെ ബസുകൾക്ക് ഒരു തരത്തിലും മുന്നോട്ടുപോകാനാകില്ല. വിശദാംശങ്ങൾ വെളിവായിട്ടില്ലെങ്കിലും കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് യാത്രാസൗജന്യം അനുവദിക്കാനുള്ള തീരുമാനം സ്വകാര്യ ബസുകളുടെ സമ്പൂർണ തകർച്ചയിലേക്കാണ് നയിക്കുക. ജില്ലയിൽ ഏറ്റവുമധികം കെ.എസ്.ആർ.ടി.സി. ബസുകൾ ഓടുന്ന റൂട്ടാണ് കണ്ണൂർ-ഇരിട്ടി. സ്ത്രീകൾ മുഴുവൻ കെ.എസ്.ആർ.ടി.സി. ഉപയോഗിച്ചാൽ ഈ റൂട്ടിലോടുന്ന സ്വകാര്യബസുകളുടെ സ്ഥിതിയെന്താകും

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!