സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച സംഭവം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കണ്ണൂര്‍: പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് (46) ആണ് മരിച്ചത്. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഏപ്രില്‍ 18ന് രാവിലെയാണ് സംഭവം. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടില്‍ കയറി ആക്രമിച്ചത്. കുടിവെള്ളം ആവശ്യപ്പെട്ടെത്തിയ ഷഫീഖിന് നല്കാന് തണ്ണിമത്തന് ജ്യൂസ് തയാറാക്കുന്നതിനിടെയാണ് അടുക്കള ഭാഗത്തു കൂടി എത്തി പുറകില്‍ നിന്നും എത്തി ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചത്. അതേസമയം ആക്രമണശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖ് പാപ്പിനിശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു.
