തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരിച്ചെത്താൻ മടിച്ച് അതിഥിത്തൊഴിലാളികൾ; നിർമാണമേഖലയിൽ മാന്ദ്യം

Share our post

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പശ്ചിമബംഗാളിലേക്കും അസമിലേക്കും ഒഴുകിയ തൊഴിലാളികൾ ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വലഞ്ഞ് ജില്ലയിലെ നിർമാണമേഖല. മേയ് നാലിനകം തിരിച്ചെത്താമെന്ന് വാഗ്ദാനം ചെയ്താണ് ഏപ്രിൽ 15 മുതൽ ഇവർപോയതെങ്കിലും വിവിധകാരണങ്ങളാൽ മടങ്ങാൻ മടിച്ചിരിക്കുകയാണ് പലരും.

സാധാരണ വോട്ടുചെയ്യാൻപോവാത്ത തൊഴിലാളികൾപോലും എസ്.ഐ.ആറിനുശേഷം നടന്ന ഈ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻപോയെന്ന് കെട്ടിടനിർമാതാക്കൾ പറഞ്ഞു. ബംഗാളിൽ ബി.ജെ.പി. സർക്കാർ അധികാരത്തിൽവന്നതോടെ സർക്കാർ തങ്ങൾക്കെതിരായി പുതിയ നിയമങ്ങൾ കൊണ്ടുവരുമോ എന്ന ആശങ്കകാരണം നാട്ടിൽനിന്ന് വിട്ടുനിൽക്കാൻ മടിച്ചിരിക്കുകയാണ് ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികൾ. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റങ്ങൾ കുറയുന്നതോടെ നാട്ടിൽത്തന്നെ പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ചിലർ. ബലിപെരുന്നാളിന് രണ്ടാഴ്ചമാത്രം ശേഷിക്കെ അതുകഴിഞ്ഞ് മടങ്ങിവരാമെന്ന് കരുതിയിരിക്കുന്നവരുമുണ്ട്.

കൂലി കൂട്ടിച്ചോദിച്ച് തൊഴിലാളികൾ

മടങ്ങിവരാൻ കൂടുതൽ കൂലി ചോദിച്ച തൊഴിലാളികളുമുണ്ട്. ഹോട്ടൽഭക്ഷണമടക്കം സാധങ്ങളുടെ വിലകൂടിയതാണ് ഇതിനുകാരണമായി പറയുന്നത്. സാധാരണ തൊഴിലാളികൾക്ക് 900 രൂപയും മേസ്തിരിമാർക്ക് 1200 മാണ് ശരാശരി കൂലി. ഇതിൽ 100 രൂപമുതൽ വർധിപ്പിക്കണമെന്നാണ് ആവശ്യം.

തൊഴിലാളികളെ റാഞ്ചാനും സംഘങ്ങൾ

കെട്ടിടനിർമാണക്കമ്പിനികൾ ടിക്കറ്റ് അയച്ചുകൊടുത്ത്‌ കൊണ്ടുവരുന്ന തൊഴിലാളികളെ കേരളത്തിലെത്തുംമുൻപ്‌ തീവണ്ടിയിൽനിന്ന് റാഞ്ചാനും സംഘങ്ങളുണ്ട്. കഴിഞ്ഞദിവസം മൂന്നരമണിക്ക് തീവണ്ടി ഇറങ്ങുമെന്ന് തൊഴിലാളികൾ പറഞ്ഞതനസരിച്ച് നിർമാണക്കമ്പനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വണ്ടിയെത്തിച്ചെങ്കിലും തൊഴിലാളികളെ കണ്ടില്ല. വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു.

ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിലെത്തും മുൻപ് ഏജന്റുമാർ തീവണ്ടിയിൽ കയറി കൂടുതൽ കൂലി വാഗ്ദാനംചെയ്ത് ഇവരെ തട്ടിയെടുക്കുകയാണെന്നാണ് വിവരമെന്ന് നിർമാണക്കമ്പനികൾ പറഞ്ഞു.

യാത്രാകൂലി നൽകിയിട്ടും വരാൻ മടിക്കുന്നു

മടങ്ങിവരാനുള്ള യാത്രാകൂലി നൽകിയിട്ടും പല തൊഴിലാളികളും തിരിച്ചുവരാൻ മടിക്കുകയാണ്. ഇതുകാരണം ഏറ്റെടുത്ത പലജോലികളും സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കാത്ത സ്ഥിതികളിലാണ് കെട്ടിടനിർമാതാക്കൾ -സുബൈർ കൊളക്കാടൻ (ചെയർമാൻ, കോൺഫെഡറേഷൻ ഓഫ് കൺസ്‌ട്രക്‌ഷൻ ഇൻട്രസ്ട്രി)

നിർമാണച്ചെലവ് കൂടും

തൊഴിലാളികളില്ലാത്തതിനാൽ 90 ശതമാനം സൈറ്റുകളിലും പണി നടക്കുന്നില്ല. തൊഴിലാളിക്ഷാമം തുടരുകയും കൂലി കൂടുകയും ചെയ്യുകയാണെങ്കിൽ നിർമാണച്ചെലവ് 20 ശതമാനം മുതൽ 25 ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ട്. കെ. സതീഷ്‌കുമാർ (സംസ്ഥാന ചെയർമാൻ, ബിൾഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ)

തീവണ്ടിടിക്കറ്റ് കിട്ടാനില്ല

മടങ്ങിവരാൻ താത്‌പര്യമുണ്ടായിട്ടും ഒരുപാടുപേർക്ക് തീവണ്ടി ടിക്കറ്റ് കിട്ടാത്ത പ്രശ്നമുണ്ട്. ഭരണം മാറിയതോടെ പുതിയ നിയമങ്ങളുണ്ടാകുമോ എന്ന ആശങ്കകളും പലരും നാട്ടിൽ തുടരുന്നുമുണ്ട്. എന്റെ കൂടെ ജോലിചെയ്യുന്ന അൻപതോളം പേരിൽ ആറാളെ തിരിച്ചെത്തിയിട്ടുള്ളൂ.- നജ്മുൽ (നിർമാണത്തൊഴിലാളി, പശ്ചിമബംഗാളിലെ നാദിയ സ്വദേശി)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!