കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രാ പ്രതിസന്ധി രൂക്ഷമാകുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രാ പ്രതിസന്ധി രൂക്ഷമാകുന്നു. പരിമിതമായ സർവീസുകളും കുത്തനെ ഉയർന്ന ടിക്കറ്റ് നിരക്കുകളും കാരണം ആയിരക്കണക്കിന് പ്രവാസികളാണ് ദുരിതത്തിലായത്. സ്കൂൾ അവധി അടുത്തെത്തുന്നതോടെ യാത്രാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
നിലവിൽ 200 മുതൽ 400 കുവൈത്തി ദിനാർ വരെയാണ് പല റൂട്ടുകളിലെയും ടിക്കറ്റ് നിരക്ക്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം അറുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാകും. കുവൈത്ത് എയർവേസും ജസീറ എയർവേസുമാണ് നിലവിൽ കുവൈത്തില്‍ നിന്നും സർവീസ് നടത്തുന്നത്. മറ്റ് വിമാന കമ്പനികളുടെ സർവീസുകളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
10 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് കുവൈത്തിൽ താമസിക്കുന്നത്. സ്കൂൾ അവധി ആരംഭിക്കുന്നതോടെ നാട്ടിലേക്ക് പോകാനുള്ള തിരക്ക് ഇനിയും വർധിക്കുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ. നേരത്തെ വിദേശ എയര്‍ലൈനുകളില്‍ ബുക്ക് ചെയ്ത പലയാളുകളും ടിക്കറ്റ് കാന്‍സല്‍ ചെയ്തതായും അറിയിപ്പുകള് വരുന്നുണ്ട്.
അതിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില വിമാന കമ്പനികൾ ജൂൺ മാസത്തേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും സർവീസ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പല റൂട്ടുകളിലും ലഭ്യമായിട്ടില്ല. പരിമിതമായ സർവീസുകളും ഉയർന്ന നിരക്കുകളും കാരണം സാധാരണ പ്രവാസി കുടുംബങ്ങൾ വലിയ സാമ്പത്തിക സമ്മർദ്ദമാണ് നേരിടുന്നത്.
