മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു
ന്യൂഡൽഹി: അന്തരിച്ച സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു. 38 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ലഖ്‌നൗ സിവിൽ ആശുപത്രിയിൽ വെച്ചാണ് മരണം.
ബുധനാഴ്ച പുലർച്ചെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞയുടനെ മെഡിക്കൽ സംഘം പ്രതീകിന്റെ വസതിയിലെത്തി. മെഡിക്കൽ സംഘം പരിശോധിക്കുമ്പോൾ പ്രതീക് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.
യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. മറ്റ് കുടുംബാംഗങ്ങളെ പോലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല. മുലായം സിങ്ങിന്റെയും രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011 ലാണ് ഇരുവരും വിവാഹിതരാകുന്നത്.
