പുതിയ സർക്കാരിൽ ആദ്യ വെല്ലുവിളി വിദ്യാഭ്യാസവകുപ്പിനും മന്ത്രിക്കും
തൃശ്ശൂർ: പുതിയ സർക്കാർ സ്ഥാനമേൽക്കുമ്പോൾ ആദ്യ വെല്ലുവിളി പൊതുവിദ്യാഭ്യാസവകുപ്പിനും മന്ത്രിക്കും. പത്തുവർഷത്തിനുശേഷമുള്ള ഭരണമാറ്റത്തെത്തുടർന്ന് വകുപ്പിന്റെ നിർണായക തസ്തികകളിൽ ചുമതലവഹിച്ചവരിൽ ബഹുഭൂരിപക്ഷവും അടുത്ത അധ്യയനവർഷം തുടങ്ങുംമുന്നേ സ്ഥാനമൊഴിയാനാണ് സാധ്യത. എസ്.സി.ഇ.ആർ.ടി. ഡയറക്ടർ, എസ്.എസ്.കെ. പ്രോജക്ട് ഡയറക്ടർ, സീമാറ്റ് ഡയറക്ടർ, സ്കോൾ കേരള ഡയറക്ടർ തുടങ്ങിയ പ്രധാന തസ്തികകളിലുള്ളവരെല്ലാം അടുത്ത ദിവസങ്ങളിൽത്തന്നെ പദവി ഒഴിയുമെന്നാണ് വിവരം. ഇതിനൊപ്പം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെയും ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലെയും പല ഉദ്യോഗസ്ഥർക്കും ഭരണമാറ്റമുണ്ടായതിന് പിന്നാലെ സ്ഥലംമാറ്റവും സ്ഥാനചലനവും ഉണ്ടായിക്കഴിഞ്ഞു.
ജനുവരിയിൽ പി.എം. ശ്രീ പോർട്ടൽ തുറന്നപ്പോൾ കേരളം അതിന്റെ ഭാഗമാകാത്തതിനെത്തുടർന്നുള്ള സാമ്പത്തികഞെരുക്കവും പ്രതിസന്ധിയാകും. പി.എം. ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിൽനിന്ന് കത്തുവന്നിരുന്നു. എസ്.എസ്.കെ.യുടെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥഫണ്ട് ലഭ്യമാകുന്നതിനായി കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയിരുന്നെങ്കിലും പി.എം. ശ്രീയിൽ തട്ടി ചർച്ച ഫലം കണ്ടില്ല. കേന്ദ്രവിഹിതം ലഭ്യമല്ലാതായതോടെ എസ്.എസ്.കെ.യുടെ പ്രവർത്തനങ്ങൾ താളംതെറ്റിത്തുടങ്ങിയിട്ടുണ്ട്.
ഈ വർഷത്തെ അധ്യാപകരുടെ വാർഷിക അവധിക്കാല പരിശീലനം അനിശ്ചിതത്വത്തിലാണ്. ഫണ്ടില്ലാത്തതിനാൽ നേരിട്ടുള്ള അധ്യാപകപരിശീലനം ഒഴിവാക്കേണ്ടിവരുമെന്നാണ് എസ്.എസ്.കെ. അധികൃതർ പറയുന്നത്. ഓൺലൈൻ വഴി പരിശീലനം നടത്താനുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്.
വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥസംവിധാനവും ചുമതലയേറ്റതിനുശേഷമേ ഇക്കാര്യങ്ങളിലൊക്കെ തീരുമാനമാനമുണ്ടാകാൻ സാധ്യതയുള്ളൂ. സത്യപ്രതിജ്ഞയ്ക്കുശേഷം ചുരുക്കം ദിവസങ്ങൾ മാത്രമാണ് സർക്കാരിനു മുന്നിലുള്ളത്. അതിനിടെ, വകുപ്പ് വിട്ടുകൊടുക്കില്ലെന്ന് ലീഗ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
