തിരുത്തപ്പെടാത്ത ‘സുപ്രീം ലീഡർ’ എന്ന ഭാവത്തിൽ പിണറായി വിജയൻ മാറി; രൂക്ഷ വിമർശനവുമായി ലത്തീൻ സഭാ മുഖപത്രം

Share our post

തിരുവനന്തപുരം: പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍സഭ മുഖപത്രം ജീവനാദം. ഒരിടത്തും തിരുത്തപ്പെടാത്ത രാജ്യത്തെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് ‘സുപ്രീം ലീഡര്‍’ എന്ന ഭാവത്തില്‍ സ്വേച്ഛാധിത്യത്തിന്റെയും അമിതാധികാരപ്രമത്തതയുടെയും ധാര്‍ഷ്ട്യത്തിന്റെയും മാടമ്പിത്തരത്തിന്റേയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജനവിരുദ്ധതയുടെയും പ്രതീകമായി പിണറായി വിജയന്‍ മാറിയെന്ന് മുഖപത്രത്തിലൂടെ വിമര്‍ശിച്ചു.

‘മറ്റാരുണ്ട്, എല്‍ഡിഎഫ് അല്ലാതെ’ എന്ന പിണറായി വിജയന്റെ ചിത്രം വെച്ച ഫ്‌ളക്‌സ് അഹന്തയുടെ വെല്ലുവിളിയായിരുന്നു. കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിക്ക് വേണ്ടിയും ചെലവഴിക്കാത്ത ഭീമമായ ഫണ്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇത്തവണ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിച്ചു. 1980ന് ശേഷം ഏറ്റവും ശോഷിച്ച പ്രതിപക്ഷമാണ് ഇത്തവണത്തേതെന്നും മുഖപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പാര്‍ട്ടിയെയും ഇടതുമുന്നണിയെയും ഭരണ സംവിധാനത്തെയും തന്നില്‍ കേന്ദ്രീകരിച്ച പിണറായി ഉള്‍പ്പാര്‍ട്ടി വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുന്ന അതേ അസഹിഷ്ണുതയുടെ നയമാണ് പ്രതിപക്ഷത്തെ എതിര്‍ശബ്ദങ്ങളോടും സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന ജനകീയ പ്രസ്ഥാനങ്ങളോടും കാണിച്ചത്.

തിരുവനന്തപുരത്തെ തീരശോഷണവും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസവും മുതലപ്പൊഴി ഹാര്‍ബറിലെ കൂട്ടമരണങ്ങളും വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനകീയ പ്രഭോക്ഷം, ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ്, കാലാവസ്ഥാ മുന്നറിയിപ്പിന്റെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന തൊഴില്‍നഷ്ടം, മത്സ്യബന്ധമ വള്ളങ്ങള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി, മത്സ്യത്തൊഴിലാളികളുടെ കിടപ്പാടങ്ങള്‍ക്കും തൊഴിലിടങ്ങള്‍ക്കും സംരക്ഷണം, മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമി കേരള വഖഫ് ബോര്‍ഡ് ആസ്തിവിവരപ്പട്ടികയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നീതി, ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കല്‍, സംവരണാനുകൂല്യങ്ങള്‍ എന്നിങ്ങനെ തീരദേശ ജനതയുടെയും ലത്തീന്‍ സമുദായത്തിന്റെയും ജീവല്‍പ്രധാനമായ പ്രശ്‌നങ്ങളില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ പലതും വഞ്ചനാപരവും ജനവിരുദ്ധവുമാണെന്ന് ലത്തീന്‍ സഭ മുഖപത്രം വിമര്‍ശിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!