മുണ്ടുമുറുക്കി, സ്വന്തം കാലിൽ നിൽക്കാൻ മോദിയുടെ ആഹ്വാനം; പെട്രോൾ, പാചകവാതക വില ഉടനെ കൂട്ടുമോ?
ഇന്ത്യയിലെ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ വൈകാതെ വർധിപ്പിക്കുമോ? ഇന്ധന ഉപയോഗം വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത് ആ സംശയമുണർത്തുന്നു. ഇറാനിലെ യുദ്ധം തുടങ്ങിയിട്ട് ദിവസം എഴുപത്തൊന്ന് പിന്നിട്ടിരിക്കുന്നു. എണ്ണയുടെ കരുതൽശേഖരം രണ്ടുമാസത്തോളമേ കാണൂ (വാണിജ്യ ശേഖരവും തന്ത്രപരമായ കരുതൽ ശേഖരവും ചേർത്ത്). യുദ്ധം പെട്ടെന്നൊന്നും തീരാൻ സാധ്യത കാണുന്നുമില്ല. ഈ സാഹചര്യത്തിൽ അടിയന്തിരഘട്ടങ്ങൾ മുന്നിൽ കൊണ്ടുള്ള പ്രതിരോധനീക്കമാണ് ഇന്ത്യയുടേതെന്ന് വ്യക്തം.
പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനം (വർക്ക് ഫ്രം ഹോം, കാർപൂളിങ്, പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കൽ, വെർച്വൽ യോഗങ്ങൾ എന്നിങ്ങനെ) ദേശീയതലത്തിൽ ഇന്ധനത്തിന്റെ ആവശ്യം പത്തു മുതൽ പതിനഞ്ചു ശതമാനം വരെ കുറയ്ക്കാനും അസംസ്‌കൃത എണ്ണയുടെ വില ഗണ്യമായി വർധിച്ചതിന്റെ അമിതച്ചിലവ് വഹിക്കുന്ന എണ്ണ വിതരണക്കമ്പനികളുടെ ബുദ്ധിമുട്ട് കുറയ്ക്കാനും ലക്ഷ്യമിടുന്നു. യുദ്ധമാരംഭിക്കും മുമ്പ് ഒരു വീപ്പ എണ്ണയുടെ വില ശരാശരി എഴുപതിനും എൺപതിനും ഡോളറിനിടയ്ക്കായിരുന്നു. ഇറാൻ യുദ്ധമാരംഭിച്ച ശേഷം ശരാശരി 100 ഡോളറിനാണ് വിൽപ്പന. ചില ദിവസങ്ങളിൽ എണ്ണവില ബാരലിന് 120 ഡോളർ കടന്നിരുന്നു.
ആവശ്യത്തിനുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ അധികച്ചെലവും വിദേശനാണ്യശേഖരത്തിനു മേലുള്ള സമ്മർദ്ദവും വളരെ വലുതാണ്. പൊതുമേഖലയിലുള്ള എണ്ണ വിതരണക്കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ ദിവസം ആയിരം കോടിയോളം രൂപയുടെ നഷ്ടം സഹിക്കേണ്ടി വരുന്നു. എണ്ണവില കൂടാതിരിക്കാനായി പെട്രോളിന്റെ എക്സൈസ് ചുങ്കം പതിമൂന്നിൽനിന്ന് മൂന്നുരൂപയായി കുറയ്ക്കാനും ഡീസലിന്റേത് വേണ്ടെന്നു വെക്കാനും കേന്ദ്രസർക്കാർ തയ്യാറായി. പക്ഷേ, ഒരുലക്ഷം കോടിയോളം രൂപ ഈയിനത്തിൽ അധികച്ചിലവു നടത്തേണ്ടി വന്ന കേന്ദ്രത്തിനും എണ്ണക്കമ്പനികൾക്കും ദീർഘകാലം വില കൂട്ടാതെ പിടിച്ചു നിൽക്കാനാവില്ല.
ലോകത്തിലെ എണ്ണ ഗതാഗതത്തിന്റെ ഇരുപതു ശതമാനത്തോളം കടന്നുപോവുന്ന ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് പരിഹാരമായാലും യുദ്ധത്തിൽ തകരാറിലായ ഗൾഫിലെ എണ്ണ സംസ്‌കരണശാലകളും ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വിതരണകേന്ദ്രങ്ങളും പൂർണസജ്ജമാവാൻ ആറുമാസം മുതൽ അഞ്ചുവർഷം വരെ വേണ്ടിവന്നേക്കും. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ രണ്ടാഴ്ച മതി ചെറിയതോ നേരിയ കേടുപാടുള്ളതോ ആയ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങാൻ. പക്ഷേ, കനത്ത ആക്രമണത്തിനിരയായ വലിയ റിഫൈനറികൾക്ക് നിരവധി മാസങ്ങൾ വേണ്ടിവന്നേക്കും. ഉദാഹരണത്തിന്, യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രയേൽ ആക്രമിച്ച ഇറാനിലെ സൗത്ത് പാർസ് എൽഎൻജി കേന്ദ്രം പ്രവർത്തനസജ്ജമാകാൻ ഒൻപതു മാസത്തോളം എടുക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യക്ക് വേണ്ട പാചകവാതകത്തിന്റെ 45 ശതമാനവും വന്നിരുന്ന ഖത്തറിലെ റാസ് ലഫാൻ എൽഎൻജി കേന്ദ്രം ആഗസ്റ്റ്- സെപ്തംബറോടെ ഭാഗികമായി പ്രവർത്തനക്ഷമമാകുമെന്ന് കരുതുന്നു. അത് പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങാൻ അഞ്ചുവർഷമെടുത്തേക്കാം. അതായത്, യുദ്ധത്തിന് അവസാനമായാൽ വർഷാവസാനത്തോടെ എണ്ണപ്രശ്നം പകുതിയിലധികം പരിഹരിക്കപ്പെട്ടേയ്ക്കാം. പക്ഷേ, എൽഎൻജി വിതരണം പഴയ തോതിലെത്താൻ പിന്നെയും മാസങ്ങളോ വർഷങ്ങളോ എടുത്തേക്കും. ഇന്ത്യയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില മൂവായിരം രൂപ കടന്നിരിക്കുന്നു. വലിയ വിലയ്ക്ക് അമേരിക്കയിലും ആസ്ത്രേലിയയിലും നിന്ന് പാചകവാതകം വാങ്ങാൻ ഇന്ത്യ നിർബന്ധിതമായിട്ടുണ്ട്.
നേരത്തേതന്നെ ദുർബലമായിരുന്ന ലോക സമ്പദ്വ്യവസ്ഥ ഇറാൻയുദ്ധത്തോടെ കടുത്ത സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. നടപ്പുവർഷത്തെ പ്രതീക്ഷിത ആഗോള സാമ്പത്തികവളർച്ച അന്താരാഷ്ട്ര നാണ്യനിധി 3.1 ശതമാനമായി ആക്കി കുറച്ചിട്ടുണ്ട്. യുദ്ധം നീളുകയും എണ്ണവില ബാരലിന് 110 ഡോളർ കടക്കുകയും ചെയ്താൽ 1980-ന് ശേഷമുള്ള അഞ്ചാമത്തെ വലിയ സാമ്പത്തിക പ്രതിസന്ധിക്കു വഴിവെച്ചേക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു. വികസിത രാജ്യങ്ങളിൽ ഏറ്റവും പ്രശ്നത്തിലാവുക യുകെ ആയിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
സാമ്പത്തിക വെല്ലുവിളികളും സ്വാശ്രയത്വനീക്കവും
നടപ്പു സാമ്പത്തികവർഷം ഏഴുശതമാനത്തിലധികം വളർച്ച പ്രതീക്ഷിച്ചിരുന്ന ഇന്ത്യ യുദ്ധത്തോടെ ഇപ്പോൾ മൂന്നുമുനയുള്ള സാമ്പത്തികവെല്ലുവിളിയെയാണ് നേരിടുന്നത്: 1. ക്രൂഡോയിൽ വില കുതിച്ചുയരുന്നു. 2. രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു. 3. കറന്റ് അക്കൗണ്ട് കമ്മി വികസിക്കുന്നു. പ്രമുഖ റേറ്റിങ് ഏജൻസികൾ നടപ്പു സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാനിരക്ക് 7.1 ശതമാനത്തിൽ നിന്നും കുറച്ചിരിക്കുന്നു: ഐസിആർഎ 6.5 ശതമാനമായും എസ് ആൻഡ് പി 6.6 ശതമാനമായും കുറച്ചപ്പോൾ ഏഷ്യൻ ഡിവലപ്മെന്റ് ബാങ്ക് (എഡിബി) 6.3 ശതമാനമായി കുറഞ്ഞേക്കുമെന്ന് പറയുന്നു. കൂറ്റൻ ആഭ്യന്തരവിപണിയും ശക്തമായ ഡിമാൻഡും ഉണ്ടെങ്കിലും ഊർജപ്രതിസന്ധി ഉൽപ്പാദനത്തെയും ലോജിസ്റ്റിക്സിനെയും ഗ്രാമീണവരുമാനത്തെയും ബാധിച്ചിട്ടുണ്ട്.
ഇന്ത്യൻ റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം 2026- 27ൽ പണപ്പെരുപ്പം 4.6 ശതമാനമായിരിക്കും. പണപ്പെരുപ്പം അഞ്ചുമുതൽ 6.9 ശതമാനം വരെ ഉയർന്നേക്കും എന്നു കരുതുന്നവരുണ്ട്. പോയവർഷം പത്തു ശതമാനത്തിലധികം വിലത്തകർച്ച നേരിട്ട രൂപ ഡോളറിന് 95 എന്ന നിലയും കടന്നു. ചുരുക്കത്തിൽ, പണപ്പെരുപ്പം കൂടുകയും സാമ്പത്തികവളർച്ച മന്ദഗതിയാലാവുകയും തൊഴിലില്ലായ്മ വർധിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിന്റെ (സ്റ്റാഗ്ഫ്ലേഷൻ) പടിവാതിലിലാണ് ഇന്ത്യ. യുദ്ധം ചുരുക്കം മാസങ്ങൾക്കകം അവസാനിക്കുകയും എണ്ണവില ബാരലിന് 85 മുതൽ 100 വരെ ഡോളറിനപ്പുറം പോകാതിരിക്കുകയും പണപ്പെരുപ്പം അഞ്ചു ശതമാനത്തിനു താഴെ പിടിച്ചു നിർത്താനാവുകയും ചെയ്താൽ വളർച്ചാനിരക്ക് ആറര ശതമാനത്തിൽ കുറയാതെ കാക്കാൻ ഇന്ത്യക്ക് കഴിഞ്ഞേക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയെ അവസരമാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. അനാവശ്യമായി സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് നിർത്തിവയ്ക്കണം, വിദേശയാത്രകൾ കുറയ്ക്കണം, സ്വദേശി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം, ഇറക്കുമതി ചെയ്ത പാചകഎണ്ണയുടെ ഉപയോഗം കുറയ്ക്കണം, രാസവള ഉപയോഗം കുറച്ച് പ്രകൃതികൃഷി ശീലിക്കണം എന്നൊക്കെ മോദി ജനങ്ങളോട് പറയുന്നത് വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും ഊർജരംഗത്ത് സ്വാശ്രയത്വം കൈവരിക്കുന്നതിനും കേന്ദ്രസർക്കാർ നൽകുന്ന മുൻഗണനയെ വ്യക്തമാക്കുന്നതാണ്.
ഇന്ധനപ്രതിസന്ധിയുമായി മുഖാമുഖം
ഇറാൻ യുദ്ധത്തെ തുടർന്ന് ലോകത്തെ നിരവധി രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചതു കൂടാതെ മറ്റു ചില മാറ്റങ്ങളും കൊണ്ടുവന്നു. പാകിസ്താനിൽ സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ നാലുദിവസം ജോലി, സ്‌കൂളുകളടച്ചു, വിയറ്റ്‌നാമിൽ വർക്ക് ഫ്രം ഹോം, പാകിസ്താനിലും ബംഗ്ലാദേശിലും പെട്രോൾ വില 50 മുതൽ 85 ശതമാനം വരെ കൂട്ടി, പലയിടത്തും എണ്ണ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഫിലിപ്പീൻസിൽ ഊർജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയിൽ വിമാന ഇന്ധനത്തിന്റെ വില ഇരട്ടിയായതിനെ തുടർന്ന് 20 ശതമാനം വിമാനങ്ങളും നിലത്തിറക്കി. ഡീസൽ ലാഭിക്കാൻ ബീജിങ്ങിലും ഷാങ്ഹായിയിലും വീട്ടിലിരുന്നുള്ള ജോലി പുനരാരംഭിച്ചു. യൂറോപ്പിൽ ഡീസൽ വില 30 ശതമാനത്തോളം കൂട്ടിയത് ലോറി സർവീസുകളെ തളർത്തി.
ഇന്ത്യയിൽ റീട്ടെയിൽ പെട്രോൾ, ഡീസൽ വിലകൾക്ക് നാല് വർഷത്തോളമായി വലിയ മാറ്റമില്ല. അതിന് സഹായിച്ചത് ബഹുമുഖമായ തന്ത്രങ്ങളും പ്രവർത്തനങ്ങളുമാണ്. ഊർജസുരക്ഷ ഉറപ്പുവരുത്തുന്നതിൽ നയതന്ത്രവും വലിയ പങ്കു വഹിച്ചു. പ്രധാനമന്ത്രി മോദിയുടെയും വിദേശമന്ത്രി എസ് ജയശങ്കറിന്റെയും സന്ദർശനങ്ങളിൽ ഊർജ നയതന്ത്രവും പ്രധാന അജണ്ടയായി. യുഎഇയുമായി ഇന്ത്യ നടത്തുന്ന എണ്ണ നയതന്ത്രം ഉദാഹരണം. 2015-നു ശേഷം പത്തിലധികം തവണ യുഎഇ സന്ദർശിച്ച മോദി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വെറും കൊടുക്കൽ വാങ്ങലിൽ നിന്ന് തന്ത്രപരമായ സമഗ്ര പങ്കാളിത്തമായി വളർത്തി.
യുഎഇയിൽനിന്നും എണ്ണ വാങ്ങുമ്പോൾ രൂപയിൽ പണം നൽകുന്നത് വിലപ്പെട്ട വിദേശനാണ്യം സംരക്ഷിക്കാൻ ഇന്ത്യയെ സഹായിക്കുന്നു. അവിടത്തെ ഹബ്ഷാൻ- ഫുജൈറ എണ്ണക്കുഴൽ ഹോർമുസിനെ ഒഴിവാക്കി ഇന്ത്യയിലേക്ക് ദിവസം നാലു ലക്ഷം വീപ്പ എണ്ണ ഇന്ത്യയിലെത്തിക്കാൻ സഹായിക്കും. കഴിഞ്ഞ മാസം യുഎഇ എണ്ണ ഉത്പാദകരാഷ്ട്രങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഒപെക്കിൽ നിന്നും പിൻമാറിയതും ഇന്ത്യയ്ക്ക് ഗുണകരമാണ്. (ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദർശനത്തിനു ശേഷമായിരുന്നു ഈ തീരുമാനമെന്നത് ചർച്ച ചെയ്യപ്പെട്ടു.) എണ്ണ ഉത്പാദനത്തിലെ നിയന്ത്രണം ഒഴിവാകുന്നത് ഇന്ത്യക്ക് വർധിച്ച അളവിൽ എണ്ണ സൗജന്യനിരക്കിൽ ലഭ്യമാക്കാൻ യുഎഇയെ സഹായിക്കും. നിലവിൽ ഇന്ത്യയുടെ പതിനൊന്നു ശതമാനത്തോളം എണ്ണ ഇറക്കുമതി യുഎഇയിൽനിന്നാണ്. ഒപ്പെക്കിൽനിന്നും യുഎഇ പിൻമാറിയതോടെ ഈ നിരക്കുകളിൽ മാറ്റം വരും.
യുക്രൈൻ യുദ്ധകാലത്ത് അമേരിക്കൻ സമ്മർദ്ദമുണ്ടായിട്ടും റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയില്ല, പാശ്ചാത്യ ഉപരോധങ്ങൾ നിലനിൽക്കെ തന്നെ ഇറാനുമായി ഊഷ്മളമായ ബന്ധവും നിലനിർത്തി. റഷ്യയിൽനിന്നുള്ള സൗജന്യനിരക്കിലെ എണ്ണ സംഭരിച്ചും നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങിയും ഊർജസ്രോതസ്സുകളെ ഇന്ത്യ വൈവിധ്യവൽക്കരിച്ചു. 2022-ന് മുമ്പ് ഇന്ത്യയ്ക്കാവശ്യമുള്ള എണ്ണയുടെ 60 ശതമാനവും പശ്ചിമേഷ്യയിൽ നിന്നായിരുന്നു. ഇപ്പോൾ റഷ്യയിൽനിന്നാണ് 35 മുതൽ 40 ശതമാനം വരെ ക്രൂഡ് വാങ്ങുന്നത് (മുമ്പ് അത് വെറും രണ്ടു ശതമാനമായിരുന്നു). ഇറാഖ് (18-22 ശതമാനം), സൗദി അറേബ്യ (14-17 ശതമാനം) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് ഏറ്റവുമധികം എണ്ണ വിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വാണിജ്യസിലിണ്ടറുകൾക്ക് വില വർധിപ്പിച്ചതോടെ വലിയൊരു ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും ഷട്ടറിട്ടു. ഭക്ഷ്യസാധനങ്ങൾക്ക് നോക്കിനിൽക്കെ വില കൂടി. ഗാർഹിക സിലിണ്ടറിന് വില കൂട്ടിയില്ലെങ്കിലും പരോക്ഷമായ വിലക്കയറ്റം എല്ലായിടത്തും ദൃശ്യമാണ്. കോവിഡ് കാലത്തെപ്പോലെ ആവശ്യങ്ങൾ പരിമിതപ്പെടുത്താനും വിഭവങ്ങൾ സൂക്ഷിച്ചുപയോഗിക്കാനും ജനങ്ങൾ തയ്യാറാവുമോ എന്നതാണ് കണ്ടറിയേണ്ടത്.
