ഭാര്യയെ മൃഗത്തെപ്പോലെ കാണരുത്, അന്തസ്സോടെ ജീവിക്കാൻ അവർക്കും അവകാശമുണ്ട്- സുപ്രീം കോടതി

Share our post

ന്യൂഡൽഹി: ഭാര്യയെ മൃഗത്തെപ്പോലെ കാണരുതെന്നും അന്തസ്സോടെ ജീവിക്കാൻ അവർക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി. ഗാർഹിക പീഡനക്കേസിൽ പ്രതിയായ ബിഹാർ സ്വദേശി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. 

മദ്യലഹരിയിലായിരുന്ന പ്രതി തന്റെ ഭാര്യയെ ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ  രേഖപ്പെടുത്തിയിരിക്കുന്നത്. വടികൊണ്ടും കല്ലുകൊണ്ടും ഇയാൾ ഭാര്യയെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. മൂന്ന് വിവാഹം കഴിച്ച ഈ വ്യക്തിയുടെ ക്രൂരത കാരണം ആദ്യ രണ്ട് ഭാര്യമാരും ഇയാളെ ഉപേക്ഷിച്ചു പോയവരാണെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയ്ക്ക് അഭിമാനത്തോടും അന്തസ്സോടും കൂടി ജീവിക്കാനുള്ള എല്ലാ അവകാശമുണ്ടെന്നും അത് ഭർത്താവ് മനസ്സിലാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കാൻ തയ്യാറായില്ല. എന്തിനാണ് ഭാര്യയെ ഇത്തരത്തിൽ ക്രൂരമായി മർദിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. പ്രതി ഉടൻ തന്നെ കീഴടങ്ങണമെന്നും അതിനുശേഷം ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!