സാദിഖലി തങ്ങൾക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വ്യാജം; പ്രതി മുഹമ്മദ് റോഷനെതിരെ കാപ്പ ചുമത്തി

Share our post

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. പണം തട്ടുന്നതിനായി പ്രതി മുഹമ്മദ് റോഷൻ തയ്യാറാക്കിയ കെട്ടുകഥയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പാണക്കാട് തങ്ങൾക്കെതിരെ 17 വയസ്സുകാരിയുടെ പരാതിയുണ്ടെന്ന തരത്തിലായിരുന്നു മുഹമ്മദ് റോഷൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ ഇത്തരമൊരു പരാതി നിലവിലില്ലെന്നും അങ്ങനെയൊരു പരാതിക്കാരിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

പാണക്കാട് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ച ചിത്രം മോർഫ് ചെയ്തതാണെന്നും വ്യാജമായി നിർമ്മിച്ചതാണെന്നും പോലീസ് സ്ഥിരീകരിച്ചു. പണം തട്ടുക എന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് ഈ ആരോപണങ്ങളെന്നും പോലീസ് പറയുന്നു. കേസിൽ അറസ്റ്റിലായ മുഹമ്മദ് റോഷനെതിരെ കാപ്പ (KAAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

മുഹമ്മദ് റോഷന് പിന്നിൽ മറ്റ് ചിലർക്ക് കൂടി പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. സാദിഖലി തങ്ങളെ ലക്ഷ്യം വെച്ച് നടന്ന ഈ സൈബർ ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങളും മറ്റ് പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!