വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം: മുഖ്യപ്രതി നജീബ് പിടിയിൽ

Share our post

കൊച്ചി∙ അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കാസര്‍കോട് സ്വദേശി നജീബ് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലത്രാസ് മെഡിക്കൽ ടൂറിസം എന്ന വെബ്സൈറ്റ് വഴിയായിരുന്നു നജീബ് ഇടപാടുകൾ നടത്തിയത്. കേസില്‍ നജീബിന്‍റെ ഭാര്യ റഷീദയുള്‍പ്പടെ ആറുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

കുന്നത്തുനാട് കുമാരപുരം മോറയ്ക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കാവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളികൊല്ലൂർ പൊലീസും അറസ്റ്റ് ചെയ്ത‌ു. അറസ്റ്റിലായവർ റിമാൻഡിലാണ്.

അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഏതാനും മാസങ്ങൾക്കു മുൻപു തന്നെ ആരംഭിച്ചിരുന്നു. എറണാകുളം റൂറൽ മേഖല കേന്ദ്രീകരിച്ചു വമ്പൻ അവയവക്കടത്തു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരവും ഏതാനും പരാതികളും പൊലീസിനു ലഭിച്ചിരുന്നു. ഈ അന്വേഷണമാണ് ഒടുവിൽ നജീബിലേക്ക് എത്തിയത്. 3 വർഷമായി നജീബും സംഘവും പള്ളിക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട് എന്നാണു പൊലീസ് പറയുന്നത്. എംപിമാർ, എംഎൽഎമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ വ്യാജരേഖ ചമച്ച് അനധികൃതമായി അവയവക്കച്ചവടം നടത്തുകയായിരുന്നു.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ 6 സംഘങ്ങളായി തിരിഞ്ഞു പെരുമ്പാവൂർ, ആലുവ, പുത്തൻകുരിശ്, മുനമ്പം സബ് ഡിവിഷൻ പരിധികളിലാണു റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കര സൺ കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അവയവ കച്ചവടത്തിന് ഉപയോഗിക്കുന്നതിനായി എംഎൽഎ, എംപി എന്നിവരുടെ പേരിൽ വ്യാജമായി തയാറാക്കിയ ബ്ലാങ്ക് ലെറ്റർ പാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജ രേഖകൾ എന്നിവ കണ്ടെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!