ഇടിത്തീയായി വിലക്കയറ്റം കമ്പിക്കും സിമന്റിനും പൊള്ളുന്ന വില; കേരളത്തിലെ നിർമാണമേഖല പ്രതിസന്ധിയിലേക്ക്

Share our post

കോഴിക്കോട്: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ കുതിച്ചുയർന്ന് നിർമാണമേഖലയിലെ സാധന സാമഗ്രികളുടെ വില. കമ്പി, സിമന്‍റ്, എം സാന്‍റ്, മെറ്റൽ, വെട്ടുകല്ല് തുടങ്ങിയവയുടെ വിലയാണ് പത്ത് ശതമാനത്തോളം വർധിച്ചത്. സീസണിലെ വിലക്കയറ്റം നിർമാണ പ്രവർത്തനങ്ങളെയും ചെറിയ തോതിൽ ബാധിച്ചുതുടങ്ങിയതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.

വിവിധ കമ്പനികളുടെ സിമന്‍റുകൾക്ക് ഒരു മാസം മുമ്പുവരെ 270 മുതൽ 280 രൂപ വരെയായിരുന്നു ഹോൾസെയിൽ വില. ഇത് 305 മുതൽ 320 രൂപ വരെയായി ഉയർന്നതോടെ റീട്ടെയിൽ വില ചാക്കൊന്നി് 330 മുതൽ 360 രൂപ വരെയാണ്. ശരാശരി ഒരു ചാക്ക് സിമന്‍റിന് 30 രൂപയോളമാണ് കൂടിയത്.

എം സാന്‍റിന് ഫൂട്ടിന് 40 മുതൽ 45 രൂപ വരെയായിരുന്നു വില. ഇതിപ്പോൾ 55 മുതൽ 60 രൂപ വരെയായി. പി സാന്‍റിൻ്റെ വില 55 ൽ നിന്ന് 64 രൂപയായും ഉയർന്നു. 43 രൂപ വരെ വിലയുണ്ടായിരുന്ന മെറ്റലിന് പത്തു രൂപയോളമാണ് കൂടിയത്. മുറ്റത്ത് കട്ട വിരിക്കാനും മറ്റും ഉപയോഗിക്കുന്ന ബേബി ചില്ലിയുടെ വിലയിലും ആനുപാതിക വർധനയുണ്ട്.

പശ്ചിമേഷ്യ സംഘർഷഭരിതമായതോടെ കമ്പിയുടെ വിലയിലും വലിയ കുതിപ്പാണുണ്ടായിരിക്കുന്നത്. കിലോക്ക് 10 രൂപയോളമാണ് വർധന. യുദ്ധം തുടങ്ങുംമുമ്പ് വിവിധ ബ്രാൻ്റ് കമ്പികൾക്ക് 56 മുതൽ 66 രൂപ വരെയായിരുന്നു വില. ഇത് ഇപ്പോൾ 68 മുതൽ 77 രൂപ വരെയായി. ടാറ്റ, വൈശാഖ്, ജെ.എസ് ഡബ്ലിയു തുടങ്ങിയ പ്രീമിയം കമ്പികൾക്കാണെങ്കിൽ 85 രൂപക്ക് മുകളിലാണ് വില. വെട്ടുകല്ലിന്‍റെ കാര്യമെടുത്താലും സ്ഥിതി മറിച്ചല്ല. മലബാറിലെ വിവിധ ജില്ലകളിലേക്ക് കണ്ണൂർ, കാസർകോട് ഭാഗങ്ങളിൽ നിന്നാണ് വെട്ടുകല്ലെത്തുന്നത്. ഒന്നരമാസം മുമ്പ് 56 മുതൽ 58 രൂപ വരെയുണ്ടായിരുന്ന വെട്ടുകല്ലിന് ഇപ്പോൾ ഈടാക്കുന്നത് 63 മുതൽ 65 രൂപ വരെയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!