‘ഇവര്‍ നയിക്കട്ടെ, ഇവരാണുത്തമം’; സിപിഎം നിര്‍ദേശം മറികടന്ന് കണ്ണൂരില്‍ വീണ്ടും പോസ്റ്റർ

Share our post

കണ്ണൂര്‍: സിപിഎം നിര്‍ദേശം മറികടന്ന് കണ്ണൂരില്‍ വീണ്ടും പി ജയരാജനെ പിന്തുണച്ച് ഫ്‌ളക്‌സുകള്‍. ‘ഇവര്‍ നയിക്കട്ടെ ഇവരാണുത്തമം? എന്ന വാചകത്തോടെ പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രം ഉള്‍പ്പടുത്തിയ ഫ്‌ളക്‌സ് ആണ് സ്ഥാപിച്ചിരിക്കുന്നത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന നേതാക്കളെയാണ് പാര്‍ട്ടിക്ക് വേണ്ടതെന്നും ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്ന നേതാക്കളെയല്ല വേണ്ടതെന്നും ഫ്‌ളക്‌സില്‍ വിമര്‍ശനം ഉണ്ട്.

അധികാര അഹങ്കാരത്തിന്റെ ആകാശത്ത് നിന്ന് ഇനിയൊന്ന് താഴെ ഇറങ്ങൂവെന്നും നേതൃത്വത്തിനെതിരെ വിമര്‍ശനം ഉണ്ട്. ‘ബ്ലാത്തൂര്‍ സഖാക്കള്‍’ എന്ന പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇത്തരം പ്രചരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം മറികടന്നാണ് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയരുന്നത്.

അതിനിടെ കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎം ഏരിയാ നേതാക്കള്‍ക്കെതിരെയും വ്യാപകമായി പോസ്റ്റര്‍ പതിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നത് ഏരിയ നേതാക്കളെന്നാണ് ആക്ഷേപം. ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു പാര്‍ട്ടിയെ രക്ഷിക്കണമെന്നും പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നു. നിങ്ങള്‍ക്ക് മാപ്പില്ല, സഖാക്കള്‍ എന്ന പേരിലാണ് കോറോം അമ്പലത്തറ ഭാഗങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ഏരിയാ സെക്രട്ടറി പി സന്തോഷ്, മുന്‍ എംഎല്‍എ സി കൃഷ്ണന്‍, ഡിവൈഎഫ്‌ഐ നേതാവ് സരിന്‍ ശശി എന്നിവരുടെ പേര് എടുത്തുപറഞ്ഞാണ് പോസ്റ്ററുകള്‍. വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയെ തോല്‍പ്പിച്ച ഒറ്റുകാര്‍ എന്നാണ് പോസ്റ്ററിലെ വാചകം

അതേസമയം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ നേതൃസ്ഥാനത്തേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പലയിടങ്ങളിലും ഉയരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളെ പി. ജയരാജന്‍ തന്നെ തള്ളിയിരുന്നു. പരാജയത്തിന് കാരണക്കാരാണെന്ന് ചില പാര്‍ട്ടി നേതാക്കളെ ലക്ഷ്യം വെച്ച് നടത്തുന്ന പ്രചരണം അവസാനിപ്പിക്കണമെന്നും തന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!