കെ.എസ്.ആർ.ടി.സി.യിലെ ശുചീകരണപദ്ധതികൾ പാളി; ബസുകളിലെ മാലിന്യ സംഭരണികൾ കാണാനില്ല

Share our post

കൊല്ലം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി. ബസുകളും ഗാരേജുകളും ശുചീകരിക്കാനുള്ള പദ്ധതി പാളി. ബസുകളിൽ സ്ഥാപിച്ചിരുന്ന മാലിന്യസംഭരണികളിൽ പലതും കാണാനില്ല. ഡിപ്പോകളിൽ പ്രവർത്തിക്കുന്ന കടകളിൽനിന്ന് മാലിന്യം ശേഖരിക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല.

ലക്ഷക്കണക്കിന് യാത്രക്കാർ എത്തുന്ന കെ.എസ്.ആർ.ടി.സി.ഡിപ്പോകളിൽ വലിയ അളവിൽ മാലിന്യം വലിച്ചെറിയപ്പെടുന്നുണ്ട്. ബസുകളിൽനിന്ന് നിരത്തുകളിലേക്ക് യാത്രക്കാർ ഉപേക്ഷിക്കുന്ന മാലിന്യത്തിനും കുറവില്ല. ഡിപ്പോകളിൽ പ്രവർത്തിക്കുന്ന കടകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം, കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ പരിസരങ്ങളിൽത്തന്നെ ഉപേക്ഷിക്കുന്നതും പതിവാണ്. ഇതിന് പരിഹാരം കാണാനാണ് തദ്ദേശസ്വയംഭരണവകുപ്പും ഗതാഗതവകുപ്പും ചേർന്ന് കഴിഞ്ഞവർഷം ശുചീകരണനടപടികൾ ആരംഭിച്ചത്. ബസുകളിൽ മാലിന്യസംഭരണികൾ, ഡിപ്പോകളുടെ ശുചീകരണം, ശൗചാലയങ്ങൾ നിർമിക്കൽ, ബസുകൾ കഴുകുമ്പോഴുള്ള മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കൽ, ഡിപ്പോകളിൽ എം.സി.എഫുകൾ, ആർ.ആർ.എഫുകൾ, ആർ.ഡി.എഫ്.പ്ലാന്റുകൾ എന്നിവ ശുചീകരണനടപടികളുടെ ഭാഗമായി നിർദേശിക്കപ്പെട്ടിരുന്നു.

ബസുകളിൽനിന്ന് വലിച്ചെറിയപ്പെടുന്ന കുടിവെള്ളക്കുപ്പികൾ ശേഖരിച്ചാൽ അത് കോർപ്പറേഷന് മറ്റൊരു വരുമാനമാർഗമാകുമെന്നും കണക്കാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകളിലും തുടർന്ന് രണ്ടായിരം ബസുകളിലും മാലിന്യസംഭരണികൾ സ്ഥാപിച്ചു. സ്‌പോൺസർഷിപ്പ് വഴിയായിരുന്നു ഇത്. എന്നാൽ കൃത്യമായ ഇടവേളകളിൽ കുപ്പികളും മറ്റും മാറ്റാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. മാസങ്ങൾക്കുള്ളിൽ മാലിന്യശേഖരണികൾ പല ബസുകളിൽനിന്നും കാണാതെയുമായി. ഇപ്പോൾ കുപ്പികളും മറ്റും നിരത്തിലേക്ക് വലിച്ചെറിയുകയാണ് യാത്രക്കാർ. ഇത് അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.

ശുചീകരണനടപടികൾ വേഗത്തിലാക്കും

പുതുതായി പുറത്തിറക്കുന്ന ബസുകളിലടക്കം മാലിന്യശേഖരണികൾ സ്ഥാപിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി.അധികൃതർ നൽകുന്ന വിശദീകരണം. കൂടുതൽ ശേഖരണികൾ കണ്ടെത്തി, എല്ലാ ബസുകളിലും സ്ഥാപിക്കും. മഴക്കാലത്തിനു മുന്നോടിയായി ഡിപ്പോപരിസരങ്ങൾ ശുചീകരിക്കും. തമ്പാനൂരിൽ ശുചിത്വമിഷനുമായി ചേർന്ന് മലിനജലസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനും നടപടിയെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!