തമിഴ്‌നാട്ടിൽ കരുനീക്കങ്ങൾ സജീവം; 19 എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി എഐഎഡിഎംകെ

Share our post

ചെന്നൈ: ടിവികെ സർക്കാർ രൂപവത്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ തമിഴ്‌നാട്ടിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം. ടിവികെ എംഎൽഎമാർക്ക് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. 19-ഓളം എഐഎഡിഎംകെ എംഎൽഎമാരെയാണ് ബുധനാഴ്ച രാത്രിയോടെ പുതുച്ചേരിയിലെ ‘ദി ഷോർ ത്രിശ്വം’ റിസോർട്ടിലേക്ക് മാറ്റിയത്.

രാജ്യസഭ എംപിയും എടപ്പാടി പളനിസാമിയുടെ അടുത്ത അനുയായിയുമായ സി.വി. ഷണ്മുഖമാണ് എംഎൽഎമാർക്കായി പുതുച്ചേരിയിലെ റിസോർട്ടിൽ മുറികൾ ബുക്ക് ചെയ്തതെന്നാണ് റിപ്പോർട്ട്. ഇരുപതിലേറെ മുറികളാണ് ഷണ്മുഖം റിസോർട്ടിൽ ബുക്ക് ചെയ്തിട്ടുള്ളതെന്നും എംഎൽഎമാരിൽ പകുതിയിലേറെ പേരും ഇതിനകം റിസോർട്ടിൽ എത്തിച്ചേർന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. എസ്. ശേഖർ, എസ്.എം. സുകുമാർ, ജയസുധ, ബാലകൃഷ്ണ റെഡ്ഡി, വിജയഭാസ്‌കർ, വെങ്കടാചലം തുടങ്ങിയ എംഎൽഎമാരാണ് റിസോർട്ടിലുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ മുറികൾ ബുക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്.

വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയെ പിന്തുണയ്ക്കണമെന്ന് കഴിഞ്ഞദിവസം തന്നെ എഐഎഡിഎംകെയിലെ ഒരുവിഭാഗം എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നത ഉടലെടുത്തതായും വിവരങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് സിവി ഷണ്മുഖം ഇടപെട്ട് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്.

അതിനിടെ, ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന വിവരങ്ങളും തമിഴ്‌നാട്ടിൽനിന്ന് പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരമൊരു സഖ്യ രൂപവ്തകരണത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയുടെ നേതാവ് വിജയ് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദമുന്നയിച്ച് കഴിഞ്ഞദിവസം ഗവർണറെ കണ്ടിരുന്നു. എന്നാൽ, ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചില്ല. കേവല ഭൂരിപക്ഷം തെളിയിക്കുന്നതിന് 118 എംഎൽഎമാരുടെയും പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ ആവശ്യമാണെന്നായിരുന്നു ഗവർണറുടെ നിലപാട്. ഇതോടെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള ടിവികെ നീക്കങ്ങൾ പാളിപ്പോയെന്നാണ് വിവരം. സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായി കഴിഞ്ഞദിവസം തന്നെ ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

108 സീറ്റുകളുള്ള ടിവികെയ്ക്ക് അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് മാത്രമാണ് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് സീറ്റുള്ള മുസ്ലീം ലീഗ് ടിവികെയെ പിന്തുണയ്ക്കില്ലെന്നും ഡിഎംകെ സഖ്യത്തിൽ തുടരുമെന്നും വ്യക്തമാക്കിയിരുന്നു. സിപിഎമ്മും സിപിഐയും വെള്ളിയാഴ്ച ചേരുന്ന യോഗത്തിനുശേഷം നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് കരുതുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!