സിപിഎമ്മിന് പ്രവർത്തകർതന്നെ നൽകിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’; ഓർമകളിൽ വി.എസ്-പിണറായി പോരാട്ടം

Share our post

‘2026 മേയ് 4-ന് തിരഞ്ഞെടുപ്പുഫലം ഉച്ചയ്ക്കുമുൻപേ അറിയാൻ സാധിക്കും. ഒരു മണിക്ക് നിയുക്ത എം.എൽ.എ. ടി.ഐ. മധുസൂദനനെ ആനയിച്ചുള്ള പ്രകടനം പെരുമ്പയിൽനിന്ന് ആരംഭിക്കും. ബൂത്തിൽനിന്ന് അൻപതുപേർവീതം ഉണ്ടാവണം. 3.30-ന് പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽനിന്ന് നിയുക്ത എം.എൽ.എ.യുടെ റോഡ്ഷോ പയ്യന്നൂർമുതൽ ചെറുപുഴവരെ ഉണ്ടാവും. ബൂത്തിൽനിന്ന് ഒരു ബൈക്ക് പൂർണമായും ഉണ്ടാവണം… മറക്കാതെ…’

പയ്യന്നൂരിലെ സി.പി.എം. ബൂത്ത് കമ്മിറ്റി ഭാരവാഹികൾക്ക് ഞായറാഴ്ച വൈകീട്ട് മുകളിൽനിന്നുപോയ വാട്സാപ്പ് സന്ദേശങ്ങളിലൊന്ന് ഇതായിരുന്നു. അത്രയേറെ ഉറപ്പായിരുന്നു സി.പി.എമ്മിന് പയ്യന്നൂരിലെ വിജയം. ആ ഉറപ്പാണ് വി. കുഞ്ഞികൃഷ്ണൻ എന്ന ‘പ്രാദേശിക വിമതൻ’ തകർത്തുകൊടുത്തത്, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും. അതിന് അവർക്ക് തുണയായതാകട്ടെ സ്വന്തം പാർട്ടിക്കാർ എന്നതാണ് ശ്രദ്ധേയമായ കാര്യം.

അരലക്ഷത്തിലേറെ ഭൂരിപക്ഷം ഉറപ്പിച്ചിരുന്ന ധർമടത്ത് പിണറായി വിജയൻ എന്ന ക്യാപ്റ്റൻമുതൽ മട്ടന്നൂരിൽ യുവനേതാവ് വി.കെ. സനോജ് വരെ വിറച്ച് ജയിക്കേണ്ടിവന്നതും ഈ അദൃശ്യതരംഗം കാരണംതന്നെ. പയ്യന്നൂരിലും തളിപ്പറമ്പിലും നേതൃത്വത്തോട് കലഹിച്ചവർ ഉയർത്തിയ വികാരം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിധ്വനിച്ചിട്ടുണ്ട്. നിശ്ശബ്ദതരംഗത്തിന് തുടക്കമായതാകട്ടെ സി.പി.എമ്മിന്റെ ചെങ്കോട്ടയായ കണ്ണൂരിൽനിന്നാണ് എന്നതാണ് നേതൃത്വത്തെ പിടിച്ചുലയ്ക്കുന്നതും.

എല്ലാം ഭദ്രമെന്ന് നേതൃത്വത്തെ ധരിപ്പിച്ചുവന്ന ജില്ലാ നേതൃത്വങ്ങൾക്കോ അവരെ അതിനായി അധികാരപ്പെടുത്തിയ സംസ്ഥാന നേതാക്കൾക്കോ പക്ഷേ, ഈ നിശ്ശബ്ദവിപ്ലവം തിരിച്ചറിയാനാവാതെപോയി. ജനങ്ങളിൽനിന്ന് നേതൃത്വം ഏറെ അകന്നതാണിതിനു കാരണവും.

തിരഞ്ഞെടുപ്പു ഫലത്തെ ഭരണവിരുദ്ധവികാരം എന്നും യു.ഡി.എഫിന്റെ ജൈത്രയാത്ര എന്നുമൊക്കെ പറയാമെങ്കിലും സാധാരണപ്രവർത്തകർ സി.പി.എമ്മിന് നൽകിയ ഷോക്ക് ചികിത്സയാണ് ഇതെന്ന് കരുതുന്നവരാണ് പാർട്ടിയിൽ ഏറെപ്പേരും. വർഷങ്ങൾക്കുമുൻപ് പിണറായി വിജയനെതിരേ വി.എസ്. നടത്തിയ പോരാട്ടത്തിന്റെ ഓർമ്മകളുടെ നിഴലിനെയും ഈ നീക്കത്തിൽ കാണുന്നവരുണ്ട്.

ഇപ്പോഴത്തെ വി.എസ്. ഇഫക്ട് പയ്യന്നൂരിലാണ് ആരംഭിച്ചത്. രക്തസാക്ഷിഫണ്ടിന്റെപേരിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ.യ്‌ക്കെതിരേ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പിന്നീട് പുസ്തകരൂപത്തിലേക്കു വന്നപ്പോഴേക്കും വി.എസ്. ഫാക്ടർ അവിടെ രഹസ്യമായി ശക്തിപ്പെട്ടിരുന്നു.

അതിനുപിന്നാലെയാണ് ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തിറങ്ങുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് മുതൽ മണ്ഡലം കമ്മിറ്റിവരെ ഇതിനെതിരേ രംഗത്തുവന്നെങ്കിലും തിരുത്താൻ നേതൃത്വം തയ്യാറായില്ല. ഇതിന്റെപേരിൽ പല നേതാക്കളുടെയും മനസ്സറിയാൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ ഇറങ്ങിയപ്പോൾ ലഭിച്ച പിന്തുണയാണ് പിന്നീട് പരസ്യമായ പോരാട്ടമായിമാറുന്നത്.

ബൂത്ത് കമ്മിറ്റികൾവരെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ എതിർത്തുവെന്നതും ഗോവിന്ദന് തുണയായി. പക്ഷേ, ആരും പരസ്യമായി രംഗത്തുവന്നില്ല. പയ്യന്നൂരിൽ വി.എസ്. ഇഫക്ട് പടർന്നുപിടിക്കുമ്പോൾ തളിപ്പറമ്പിൽ കുടുംബാധിപത്യം എന്ന ആക്ഷേപവും പാർട്ടിക്കകത്ത് വേരുപിടിക്കുകയായിരുന്നു.

ഇതേ സമയത്താണ് ആലപ്പുഴയിൽ ജി. സുധാകരൻ ഉയർത്തിയ പ്രതിഷേധവും ശക്തമാവുന്നത്. സി.പി.എമ്മിന് അകത്തുനടക്കുന്ന പോരാട്ടത്തെ സ്വന്തം മുന്നണിക്ക് ശക്തിപകരാനുള്ള തന്ത്രമായി കൊണ്ടുവരാനുള്ള രാഷ്ട്രീയം കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് പാർട്ടിയിലും ഐക്യജനാധിപത്യമുന്നണിയിലും അവതരിപ്പിക്കുന്നത്.

ഭരണതലത്തിൽ പാർട്ടിക്ക് സംഭവിച്ച പിഴവുകളെയും പാർട്ടി നേതൃത്വം ഇതിനെല്ലാം കൂട്ടുനിന്നതും പ്രതിഷേധക്കാർ ചേർത്തുവെച്ചു. ആശമാരുടെ സമരംമുതൽ ശബരിമല വിഷയംവരെ അതിൽപ്പെടുന്നു. തൃക്കരിപ്പൂർമുതൽ മട്ടന്നൂർവരെ അതിന്റെ സാന്നിധ്യമുണ്ടായി. നേതൃത്വത്തെ ശരിയായ വഴിയിലേക്ക് നയിക്കുക എന്ന ലളിതമായ കാര്യം അവർ സംസ്ഥാനമാകെ അണികളിലേക്ക് പ്രസരിപ്പിച്ചു.

പരാജയകാരണങ്ങൾ പരിശോധിക്കുമെന്നും തിരുത്തലുകൾ വരുത്തുമെന്നും പാർട്ടി നേതൃത്വം ഫലം വന്നതിനുപിന്നാലെ പ്രഖ്യാപിച്ചിട്ടുണ്ട്. തോൽവിയിൽ സാമൂഹികമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകരും അനുയായികളുമെല്ലാം പലരീതിയിൽ വിമർശിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുനേരേയാണ് ശകാരമേറെയും. പി. ജയരാജൻ നയിക്കട്ടെ എന്ന ആഹ്വാനവും പ്രതികരണങ്ങളിലുണ്ടായി.

എല്ലാം ഞാൻ എന്ന വാക്കിൽ കേന്ദ്രീകരിക്കുന്നതിന്റെ ഭവിഷ്യത്താണ് മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. തെറ്റുതിരുത്തൽ പ്രക്രിയ സംഘടനയ്ക്കകത്ത് നടത്തേണ്ടതാണെന്നാണ് പി. ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. പാർട്ടി അനുഭാവികൾ അത്തരം അഭിപ്രായങ്ങൾ നേതൃത്വത്തിന് നൽകുകയാണ് വേണ്ടതെന്നും അത്തരം കത്തുകൾ ഗൗരവമായി പരിഗണിക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും ജയരാജൻ ഓർമ്മിപ്പിക്കുന്നു. നേതൃത്വത്തിലേക്ക് പരാതികളും അഭിപ്രായങ്ങളും എത്തട്ടെ എന്നൊരു ആഹ്വാനം ഇതിനുപിന്നിലുണ്ടെന്ന് സംശയിക്കുന്നവരും പാർട്ടിക്കകത്തുണ്ട്.

തിരുവനന്തപുരത്ത് ബുധനാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യും. പരാജയകാരണമന്വേഷിക്കാനും പഠിക്കാനും വസ്തുതാന്വേഷണ കമ്മിഷൻ, അവരുടെ റിപ്പോർട്ട്, അതിനുശേഷം നടപടികൾ എന്നിങ്ങനെ നീളും ഭാവികാര്യങ്ങൾ. ഇതിനിടയിൽ നേതൃതലങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ആരും പ്രതീക്ഷിക്കുന്നില്ല. പിണറായി വിജയൻ ആഗ്രഹിക്കാതിരുന്നാൽമാത്രമേ മറ്റൊരു പ്രതിപക്ഷ നേതാവിനെക്കുറിച്ചുപോലും പാർട്ടി സംവിധാനം ആലോചിക്കുകയുള്ളൂ. പാർട്ടി നേതൃത്വത്തിലും ഉടനെയൊരു മാറ്റത്തിന് സാധ്യതയില്ല. എന്നാൽ, തിരുത്തൽനടപടികളുടെ ആലോചനകൾ കുറെക്കൂടി ഗൗരവത്തോടെ നടക്കും.

അടുത്തവർഷം അവസാനത്തോടെ സി.പി.എം. വീണ്ടും സമ്മേളനനടപടികളിലേക്ക് നീങ്ങും. തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് അനർഹമായ പരാജയം എന്ന എം. സ്വരാജിന്റെ പ്രതികരണത്തെ, ‘നിർബന്ധിച്ച് വാങ്ങിയ പരാജയം’ എന്നാണ് മറ്റൊരു പ്രമുഖ നേതാവ് പരിഷ്‌കരിച്ചത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!