‘ചുവന്ന തൊഴുത്ത്’ വിട്ട് ‘പച്ചപ്പി’ലേക്ക്; പന്തയം തോറ്റ സി.പി.എം പ്രവർത്തകൻ സുഹൃത്തിന് പശുവിനെ കൈമാറി

Share our post

തിരൂർ: തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പന്തയത്തിലൂടെ മുസ്തഫയ്ക്ക് കിട്ടിയത് പതിനാറു ലിറ്റർ പാലുകിട്ടുന്നൊരു പശുവിനെ. ലീഗ് പ്രവർത്തകനായ, വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശി കുന്നത്ത് മുസ്തഫയും നിറമരുതൂർ പത്തമ്പാട് സ്വദേശിയും സി.പി.എം. നിറമരുതൂർ സമന്വയ ബ്രാഞ്ച് മെമ്പറുമായ കാവീട്ടിൽ മഹേഷും തമ്മിലാണ് പന്തയം വെച്ചത്. സംസ്ഥാന ഭരണമായിരുന്നു വിഷയം. ഇരുവരും ക്ഷീരകർഷകരും സുഹൃത്തുക്കളുമാണ്.

ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമെന്നായിരുന്നു സി.പി.എം. പ്രവർത്തകന്റെ വാദം. അങ്ങനെയുണ്ടായില്ലെങ്കിൽ തന്റെ ആറു കറവപ്പശുക്കളിൽ ഇഷ്ടമുള്ളതിൽ ഒന്നിനെ മുസ്തഫയ്ക്ക് നൽകുമെന്നായിരുന്നു വാക്ക്. യു.ഡി.എഫിന് ഭരണം ലഭിച്ചില്ലെങ്കിൽ തന്റെ കറവപ്പശുവിനെ മഹേഷിന് നൽകാമെന്ന് മുസ്തഫയും ഉറപ്പുനൽകി. ഫലം എതിരായതോടെ മഹേഷ് വാക്കുപാലിച്ചു. 70,000 രൂപ വിലവരുന്ന തന്റെ പശുവിനെ മുസ്തഫയ്ക്ക് കൈമാറി. വോട്ടെടുപ്പിന് 15 ദിവസം മുമ്പാണ് ഇരുവരും പന്തയം വെച്ചത്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ മഹേഷ് മുസ്തഫയെ ഫോണിൽ വിളിച്ചു. പറഞ്ഞ വാക്ക് പാലിക്കുന്നുവെന്നും പശുവിനെ കൊണ്ടുപോകാമെന്നും പറഞ്ഞു. മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയോട് തൊഴുത്തിലെ ഇഷ്ടപ്പെട്ട പശുക്കളിലൊന്നിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. മുസ്തഫ നാലുവയസ്സുള്ള കറവപ്പശുവിനെയാണ് തിരഞ്ഞെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!