തിരഞ്ഞെടുപ്പ് ഫലം വന്നു; രണ്ടാം ദിനവും മിണ്ടാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസവും പ്രതികരിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെണ്ണൽ ദിവസം കണ്ണൂരിലെ വീട്ടിലായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന്റെ കടുത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി കൺവെൻഷൻ സെന്ററിലെ എം.എൽ.എ. ഓഫീസിൽ മാധ്യമങ്ങളെ കാണാനുള്ള നീക്കം ഉപേക്ഷിച്ചതാണ്. പിന്നീട് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ചൊവ്വാഴ്ച കണ്ണൂരിൽനിന്ന് വിമാനത്തിൽ കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് മടങ്ങിയപ്പോൾ രണ്ടിടത്തും മാധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ഉപതിരഞ്ഞെടുപ്പുണ്ടായത് തൃക്കാക്കരയിലായിരുന്നു. 99 സീറ്റുള്ള എൽ.ഡി.എഫ്. സെഞ്ചുറിയടിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രചാരണം. ക്യാപ്റ്റൻ ഇറങ്ങുന്നെന്ന പ്രചാരണ വാക്യവുമായി പ്രത്യേകം റീലുകളിറങ്ങി.
എന്നാൽ, യു.ഡി.എഫ്. ജയിച്ചപ്പോൾ അതേക്കുറിച്ച് ഒരുവാക്കുപോലും മിണ്ടാൻ പിണറായി തയ്യാറായില്ല. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പരാജയമുണ്ടായപ്പോഴും പിണറായി പ്രതികരിച്ചില്ല. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായപ്പോൾ അദ്ദേഹം, പരാജയം പരിശോധിക്കുമെന്നും തിരുത്തുമെന്നും പ്രസ്താവനയിറക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായിയാണ് മുന്നിൽനിന്ന് നയിച്ചത്. അദ്ദേഹത്തിന്റെ മുഖംമാത്രം ഉയർത്തിയാണ് പ്രചാരണം നടന്നത്. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചശേഷം മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് അദ്ദേഹവുമായി അടുത്തുനിൽക്കുന്നവർ പറയുന്നത്. ബുധനാഴ്ച അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്.
