പേരാവൂർപ്പോരിൽ വീണ്ടും ശൈലജയ്ക്ക് അടിപതറി, മണ്ഡലമാറ്റം ചതിച്ചു

Share our post

യുഡിഎഫ് ഇടതുകോട്ടകളിൽ കൊടുങ്കാറ്റുവീശിയതോടെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങൾ തകർന്നടിഞ്ഞു. പയ്യന്നൂരും തളിപ്പറമ്പിലുമടക്കം ജയിച്ചുകയറിയ യുഡിഎഫ് പേരാവൂരും നിലനിർത്തി. കരുത്തരുടെ പോരാട്ടത്തിൽ കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജയെ വീഴ്ത്തി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വെന്നിക്കൊടി പാറിച്ചു. അതോടെ 2011ലും ശൈലജ സണ്ണി ജോസഫിനോട് പരാജയപ്പെടുകയായിരുന്നു.

പേരാവൂർ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കുക. കെപിസിസി പ്രസിഡന്റിനെ തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെ ശൈലജയെ കളത്തിലിറക്കിയ സിപിഎം നീക്കം ഫലം കണ്ടില്ല. കണ്ണൂരെന്ന സിപിഎമ്മിന്റെ ചെങ്കോട്ടയിൽ തോൽവിയുടെ ആഘാതം വർധിപ്പിക്കുന്നതാണ് പേരാവൂരിലെ ഫലം. ആദ്യ രണ്ട് റൗണ്ടുകളിൽ മാത്രമാണ് ശൈലജ ലീഡെടുത്തത്. മൂന്നാം റൗണ്ടുമുതൽ ലീഡെടുത്ത സണ്ണി ജോസഫ് പിന്നീട് പടിപടിയായി ലീഡ് വർധിപ്പിച്ചു. അതോടെ ഇടതുക്യാമ്പിലെ പ്രതീക്ഷയറ്റു. ഭൂരിപക്ഷം പതിനായിരം കടന്നതോടെ ശൈലജയും പാർട്ടിയും വൻ തോൽവിയിലേക്ക് നീങ്ങി.

മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ശൈലജ പോരാവൂരിലെത്തിയത്. അതോടെ ഒന്നര പതിറ്റാണ്ടിനപ്പുറം സണ്ണി ജോസഫും ശൈലജയും വീണ്ടും നേർക്കുനേർ വന്നു. 2021-ൽ മട്ടന്നൂരിൽ മത്സരിച്ച് കേരള രാഷ്ട്രീയത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയ ശൈലയ്ക്ക് പാർട്ടിക്കപ്പുറമുള്ള വോട്ടുകൾ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പേരാവൂരിലേക്ക് നിയോഗിച്ചത്. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായുള്ള പ്രകടനത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പോലും ശൈലജ ചർച്ചകളിലേക്ക് വന്നിരുന്നു. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാനമായ ഒരു നീക്കം സിപിഎം ശൈലജയിലൂടെ നടത്തിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. വടകര ലോക്സഭാ സീറ്റ് തിരിച്ച് പിടിക്കുക എന്ന ദൗത്യത്തിനിറങ്ങിയ ശൈലജയ്ക്ക്, പക്ഷേ, ഷാഫി പറമ്പിലിന് മുന്നിൽ ദയനീയമായി അടിതെറ്റി.

എന്നാൽ വടകരയിലെ സ്ഥിതിയായിരിക്കില്ല പേരാവൂരിലെന്ന് പറഞ്ഞാണ് ഇടതുക്യാമ്പ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 2021-ൽ പേരാവൂരിൽ കിതച്ച് ജയിച്ച സണ്ണി ജോസഫ് ഇത്തവണ ശൈലജയ്ക്ക് മുന്നിൽ വീഴുമെന്ന ഉറച്ച പ്രതീക്ഷയും എൽഡിഎഫ് പുലർത്തി. ഉറച്ച പാർട്ടി വോട്ടുകൾക്കൊപ്പം ശൈലജയുടെ ജനപ്രീതിയും കൂടി വോട്ടാകുമ്പോൾ സീറ്റ് തിരിച്ചുപിടിക്കാമെന്ന് പാർട്ടി കരുതി. എന്നാൽ, അതൊന്നും ജനവിധിയിൽ പ്രതിഫലിച്ചില്ലെന്നുവേണം കരുതാൻ. ഇക്കുറിയും ജനം സണ്ണി ജോസഫിന് കൈകൊടുത്തതോടെ സിപിഎമ്മിന് വൻ തിരിച്ചടി.

2006ൽ പേരാവൂരിൽ മത്സരിച്ച കെകെ ശൈലജ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയായിരുന്ന എഡി മുസ്തഫയെ 9,099 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മണ്ഡലം രൂപീകൃതമായശേഷം ഇടതുപക്ഷം നേടിയ ഏറ്റവും വലിയ വിജയമായിരുന്നു അത്. അത് ആവർത്തിക്കുമെന്ന പ്രതീക്ഷ തെറ്റിയെന്നു മാത്രമല്ല, യുഡിഎഫ് ഭൂരിപക്ഷം ഉയർത്തുകയും ചെയ്തു. ഇടത് വിരുദ്ധ തരംഗം പേരാവൂരിലും ആഞ്ഞടിക്കുമെന്ന യുഡിഎഫ് അവകാശവാദം ശരിവെക്കുന്നതാണ് കണ്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 23,481 വോട്ടുകളുടെ ലീഡാണ് നേടിയത്. തദ്ദേശത്തിലും മികച്ച ലീഡ് നേടാൻ യുഡിഎഫിനായിരുന്നു. 10,230 വോട്ടുകൾക്കാണ് തദ്ദേശത്തിൽ യുഡിഎഫ് പേരാവൂരിൽ മുന്നിലെത്തിയത്. നിയമസഭയിലും അതാവർത്തിക്കപ്പെട്ടതോടെ ശൈലജയ്ക്ക് വീണ്ടും അടിതെറ്റി.

2006ൽ എ.ഡി മുസ്തഫയെ തോൽപ്പിച്ച് യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത ശൈലജ 2011ൽ വീണ്ടും മത്സരിച്ചെങ്കിലും സണ്ണി ജോസഫിനോട് 3440 വോട്ടിനാണ് തോറ്റത്. പിന്നീടിങ്ങോട്ട് സണ്ണി ജോസഫ് പേരാവൂരിൽ ഇരിപ്പുറപ്പിച്ചു. നിയമസഭയിലേക്ക് 5 തവണ മത്സരിച്ച ശൈലജ സണ്ണി ജോസഫിനോട് മാത്രമാണ് തോറ്റത്. നാല് ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും 2021ൽ മട്ടന്നൂരിലും എംഎൽഎ ആയി. 60,963 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. എന്നാൽ, ഇക്കുറി മണ്ഡലം മാറിയ നീക്കം ലക്ഷ്യം കണ്ടില്ല. സണ്ണി ജോസഫ് വീണ്ടും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പാർട്ടിക്കും ശൈലജയ്ക്കും തിരിച്ചടി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!