ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുന്നില്ല; പുറത്തിറക്കാനാകാതെ കെഎസ്ആർടിസി ബസുകൾ ഡിപ്പോകളിൽ

Share our post

കൊച്ചി: കെഎസ്ആർടിസി ബസുകളിലെ ജിപിഎസ് ഉപകരണം (വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് –വിഎൽടിഡി) പുതുക്കാത്തതിനാൽ ജില്ലയിൽ വിവിധ ഡിപ്പോകളിലായി ടെസ്റ്റ് പൂർത്തിയാക്കാനാകാതെ കിടക്കുന്നത് പതിനഞ്ചിലധികം ബസുകൾ. ഉപകരണം സ്ഥാപിക്കുന്നതിനായി കരാർ നൽകിയിട്ടുള്ള കമ്പനി ഇതു പുതുക്കി നൽകാത്തതാണു പ്രശ്നത്തിനു കാരണം. പുതുക്കിയ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ ബസുകൾക്കു ടെസ്റ്റ് പൂർത്തിയാക്കി ഓടാനുള്ള അനുമതി ലഭിക്കൂ. ഇതു കാരണം പെയിന്റിങ് ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കിയ ബസുകൾ പല ഡിപ്പോകളിൽ ആഴ്ചകളായി ഓടാനാകാതെ കിടക്കുകയാണ്.

ജിപിഎസ് കരാർ നൽകിയിട്ടുള്ള വൈറ്റില ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്ടി മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും കെഎസ്ആർടിസിയും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. കമ്പനിക്ക് കരാർ പ്രകാരമുള്ള തുക നൽകിയെന്നു കെഎസ്ആർടിസിയും തുക നൽകിയില്ലെന്ന് കമ്പനിയും വാദിക്കുന്നു.

ഇതേ ഉപകരണം സ്ഥാപിക്കാൻ കരാറുള്ള മറ്റൊരു കമ്പനിയായ, കരുനാഗപ്പള്ളി ആസ്ഥാനമായുള്ള യുണൈറ്റഡ് കമ്പനിയുടെ കാര്യത്തിൽ പരാതികളില്ലെന്നും ജീവനക്കാർ പറയുന്നു. ഏകദേശം 1500 കെഎസ്ആർടിസി ബസുകളിലാണ് വിഎസ്ടി കമ്പനിയുടെ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ചിലതു പുതുക്കി നൽകിയിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു. ആലുവയിലും പെരുമ്പാവൂരിലും 6 വീതം ബസുകളാണ് ആഴ്ചകളായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ടെസ്റ്റിനായി കാത്തുകിടക്കുന്നത്. കോതമംഗലത്ത് ഒരു ബസും, പിറവത്ത് രണ്ട് ഓർഡിനറി ബസുകളും ഫിറ്റ്നസ് ലഭിക്കാതെ ഡിപ്പോകളിൽ കിടക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!