ജസീറയുടെ നേരിട്ടുള്ള വിമാനങ്ങൾ ഞായർ മുതൽ; കൊച്ചി ഉൾപ്പെടെ 10 പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സർവീസ്
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5 (ടി 5)ൽ നിന്ന് ജസീറ എയർവേയ്സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ ഞായർ (ഏപ്രിൽ 26) മുതൽ പുനരാരംഭിക്കും. ഘട്ടംഘട്ടമായി പ്രവർത്തനം വീണ്ടും ആരംഭിക്കുന്നതിന്റെ ഭാഗമായി കൊച്ചി ഉൾപ്പെടെ 10 പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.
കൊച്ചി, ഡൽഹി, മുംബൈ എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങൾക്കൊപ്പം അമ്മാൻ, ബെയ്റൂത്ത്, കെയ്റോ, ഇസ്താംബൂൾ, റിയാദ്, ജിദ്ദ, ഡമാസ്കസ് എന്നിവിടങ്ങളിലേക്കാണ് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്ക് വലിയ ആശ്വാസമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
അതേസമയം, മറ്റ് ചില കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി ദമ്മാം വിമാനത്താവളം വഴി തുടരും. ഇത്തരം യാത്രക്കാർ മിശ്രിഫിലെ കുവൈത്ത് അന്താരാഷ്ട്ര ഫെയർഗ്രൗണ്ടിലെ ടെർമിനൽ 8ൽ എത്തി ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കണം. ദുബൈയിലേക്കുള്ള സർവീസുകളും നിലവിൽ ദമ്മാം വഴിയാണ് തുടരുന്നത്.
ടി 5ൽ നിന്ന് യാത്ര ചെയ്യുന്നവർ ആദ്യം പാർക്ക് ആൻഡ് ഫ്ലൈ സൗകര്യത്തിലേക്ക് എത്തണം. അവിടെ നിന്ന് ബസുകൾ വഴി ടെർമിനലിലേക്ക് എത്തിച്ച് ചെക്ക് ഇൻ, ബോർഡിങ് നടപടികൾ പൂർത്തിയാക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ ഗതാഗതം സുഗമവും ക്രമബദ്ധവുമായ രീതിയിൽ നടത്തുന്നതിനാണ് ഈ ക്രമീകരണം.
സ്വദേശ ആസ്ഥാനത്ത് നിന്ന് സർവീസ് പുനരാരംഭിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ജസീറ എയർവേയ്സ് സിഇഒ ഭരതൻ പശുപതി പറഞ്ഞു. ഘട്ടംഘട്ടമായി കൂടുതൽ കേന്ദ്രങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ വിപുലീകരിക്കുമെന്നും, നിലവിലെ ഘട്ടത്തിൽ യാത്രക്കാരുടെ സൗകര്യത്തിനാണ് പ്രധാന പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിവിൽ എവിയേഷൻ ഡയറക്ടറേറ്റ് ജനറലുമായി ഏകോപനം തുടർന്നുകൊണ്ട് സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് വിമാന വിവരങ്ങളും പുറപ്പെടൽ നിർദേശങ്ങളും പരിശോധിച്ച് നേരത്തെ എത്തണമെന്നും നിർദേശം നൽകി.
