‘എക്സ് മുസ് ലിം’ യൂട്യൂബർ സലിം വാസ്തിക് പഴയ കൊലയാളി സലിം ഖാൻ തന്നെ; 26 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം
ന്യൂഡൽഹി: ഇസ് ലാം മത വിമർശകനായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് വിവാദപ്രസ്താവനകൾ നടത്തിയിരുന്ന എക്സ് മുസ് ലിം യുട്യൂബർ സലിം വാസ്തിക് എന്ന സലിം ഖാനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 1995-ൽ 13 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ, 2000-ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പുതിയ പേരും രേഖകളും സ്വന്തമാക്കിയായിരുന്നു ഇയാളുടെ ജീവിതം. രഹസ്യവിവരത്തെ തുടർന്നാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
1995 ജനുവരി 20-നാണ് ഡൽഹിയിലെ സിമന്റ് വ്യാപാരിയുടെ മകനായ സന്ദീപ് ബൻസാൽ (13) എന്ന ആറാം ക്ലാസുകാരനെ കാണാതാകുന്നത്. കുട്ടിയുടെ സ്കൂളിലെ കരാട്ടെ പരിശീലകനായിരുന്ന സലിം ഖാനും കൂട്ടാളി അനിലും ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. 30,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഒടുവിൽ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുസ്തഫാബാദിലെ ഒരു ഓടയിൽ തള്ളുകയായിരുന്നു. 1997-ൽ കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2000-ൽ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സലിം ഖാൻ മുങ്ങി. താൻ മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുകയും ‘സലിം അഹമ്മദ്’ എന്ന പേരിൽ പുതിയ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ‘സലിം വാസ്തിക്’ എന്ന പേര് സ്വീകരിച്ച് ഹരിയാനയിലും ഉത്തർപ്രദേശിലുമായി ഒളിവിൽ കഴിഞ്ഞു.
സലിം വാസ്തിക് എന്ന പേരിൽ തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ ഇസ് ലാം മതത്തെക്കുറിച്ച് ഇയാൾ പങ്കുവെച്ച വിദ്വേഷം കലർന്ന അഭിപ്രായങ്ങൾ വലിയ പ്രേക്ഷകശ്രദ്ധ നേടി. എന്നാൽ ഇതാണ് അയാളുടെ രണ്ടാം ജീവിതത്തിന് വിനയായതും. ലോണിയിലെ ഓഫീസിൽ വെച്ച് ഗുൽഫാം, സീഷാൻ എന്നീ സഹോദരങ്ങൾ സലിമിനെ ആക്രമിച്ചതും ഇവർ രണ്ടു പേരും ഏറ്റുമുട്ടലിൽ പിന്നീട് കൊല്ലപ്പെട്ടതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സലിമിന് ഉത്തർപ്രദേശ് പോലീസ് സുരക്ഷ നൽകിയിരുന്നു.
‘എക്സ്-മുസ് ലിം’ എന്ന ലേബലിൽ ഇസ് ലാം മതത്തെ വിമർശിച്ചുകൊണ്ട് നടത്തിയ വീഡിയോകളിലൂടെ ഇയാൾ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ സമ്പാദിച്ചു. പഴയ പ്രതികളെ തേടിയിറങ്ങിയ ഡൽഹി ക്രൈംബ്രാഞ്ച് സംഘത്തിന് സലിം വാസ്തികിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചു. പഴയ ഫോട്ടോകളും വിരലടയാളങ്ങളും പരിശോധിച്ച പൊലീസ്, സോഷ്യൽ മീഡിയയിലെ താരം പഴയ കൊലയാളി സലിം ഖാൻ തന്നെയാണെന്ന് ഉറപ്പിക്കുകയും ഗാസിയാബാദിലെ ലോണിയിൽ വെച്ച് പിടികൂടുകയുമായിരുന്നു
