യുഎസിനെ വിറപ്പിക്കുന്ന ‘കൊതുകുപട’, ഹോർമുസിൽ ഇറാന്റെ മരണക്കെണി; ഉപഗ്രഹങ്ങൾക്കും കണ്ടെത്താനാകില്ല

Share our post

ടെഹ്റാൻ: ഇറാനുമായുള്ള സംഘർഷം യു.എസിന് കനത്ത തിരിച്ചടിനൽകി തുടരുകയാണ്. ഇറാന്റെ സൈനിക കരുത്തും പ്രതിരോധ സംവിധാനങ്ങളും അത്ര നിസ്സാരമല്ലെന്ന് യു.എസും ലോകവും ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. എന്നാൽ, ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് യു.എസ്. കപ്പലുകൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന ഇറാന്റെ നാവിക കരുത്തിനെക്കുറിച്ച് പലർക്കും അറിയില്ല.

ഇറാന്റെ വലിയ യുദ്ധക്കപ്പലുകളിൽ ഭൂരിഭാഗവും നശിപ്പിച്ചുവെന്ന് യു.എസും ഇസ്രയേലും അവകാശപ്പെടുന്നുണ്ടെങ്കിലും ‘മോസ്‌കിറ്റോ ഫ്‌ലീറ്റ്’ (കൊതുക് കപ്പൽപ്പട) എന്ന് വിളിക്കപ്പെടുന്ന ഇറാന്റെ ചെറുകപ്പലുകളുടെ വ്യൂഹം ഇപ്പോഴും യു.എസ്. സേനയ്ക്ക് വലിയ ഭീഷണിയായി തുടരുന്നു. ഹോർമുസ് കടലിടുക്കിന് ഇരുവശത്തുമായി കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ആക്രമിക്കാൻ ഈ ചെറുകപ്പലുകളെ ഇറാൻ ഉപയോഗപ്പെടുത്തുന്നുണ്ട്.

റോക്കറ്റ് ലോഞ്ചറുകളും മെഷീൻ ഗണ്ണുകളും ഘടിപ്പിച്ചാണ് ഈ ബോട്ടുകൾ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ ഏകദേശം 185 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ബോട്ടുകൾ കടലിലെ ഒരു ‘ഗറില്ലാ സേന’യായാണ് പ്രവർത്തിക്കുന്നത്. വലിയ യുദ്ധക്കപ്പലുകളുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം മിന്നലാക്രമണം നടത്തി അപ്രത്യക്ഷമാവുക എന്നതാണ് ഇവയുടെ രീതി. പല ബോട്ടുകളും തകർക്കപ്പെട്ടെങ്കിലും ആയിരക്കണക്കിന് ബോട്ടുകൾ ഇപ്പോഴും ഇറാന്റെ കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഉയർന്ന പാറക്കെട്ടുകൾ നിറഞ്ഞ ഇറാനിയൻ തീരങ്ങളിലെ ഗുഹകളിലാണ് ഈ ബോട്ടുകളെ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. വലിപ്പം വളരെ കുറവായതിനാൽ ഉപഗ്രഹങ്ങൾക്ക് പോലും ഇവയെ കണ്ടെത്തുക പ്രയാസമാണ്. നിമിഷങ്ങൾക്കുള്ളിൽ ഇവയെ കടലിലിറക്കി ആക്രമണം നടത്താൻ സാധിക്കും. യു.എസ്. യുദ്ധക്കപ്പലുകൾക്ക് ഇവയെ പ്രതിരോധിക്കാൻ വലിയ പീരങ്കികൾ ഉണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് ഇത്തരം ആയുധങ്ങളില്ലാത്തത് അവയ്ക്ക് ഭീഷണി ഉയർത്തുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!