തുറന്നു, ട്രംപ് ഇടഞ്ഞതോടെ അടച്ചു; കപ്പലുകൾക്ക് നേരെ വെടിവെപ്പ്; ഹോർമുസിൽ ആകെ അനിശ്ചിതത്വം
ലെബനനിലെ 10-ദിന വെടിനിർത്തൽ നിലവിൽവന്നതോടെ വെള്ളിയാഴ്ച ഇറാൻ ചരക്കുകപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുത്തത് അന്താരാഷ്ട്ര വ്യാപാരമേഖലയെ ആഹ്ലാദിപ്പിച്ചിരുന്നു. വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണമായും തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ചത് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ്.
ഇറാന്റെ പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ നിശ്ചയിച്ച് അറിയിച്ചിട്ടുള്ള പാതയിലൂടെയായിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നതായും കപ്പലുകൾക്ക് കടന്നുപോകാൻ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയും അറിയിച്ചു. ഈ തീരുമാനത്തിന് അദ്ദേഹം ഇറാന് നന്ദി പറയുകയും ചെയ്തു. എന്നാൽ, ഈ ഉറപ്പുകൾക്കെല്ലാം ഏതാനും മണിക്കൂറുകൾ നീണ്ട ആയുസേ ഉണ്ടായിരുന്നുള്ളൂ.
തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് മണിക്കൂറുകൾക്കുള്ളിൽ ഇറാൻ വീണ്ടും അടച്ചു. ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകാത്തതിനെ തുടർന്നാണ് ഇറാൻ ശനിയാഴ്ച ഈ പാത വീണ്ടും അടയ്ക്കാൻ തീരുമാനിച്ചത്. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെനിന്ന് വരാനോ ശ്രമിച്ച 21 കപ്പലുകളെ അമേരിക്കൻ സൈന്യം തിരിച്ചയച്ചിരുന്നു. പിന്നാലെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) വീണ്ടും ഏറ്റെടുക്കുകയും ചെയ്തു. തങ്ങളുടെ അനുമതിയില്ലാത്ത കപ്പലുകൾ കടത്തിവിടില്ലെന്നാണ് ഇറാന്റെ നിലപാട്. കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ ഗതാഗതം ഇപ്പോൾ കർശനമായ നിയന്ത്രണത്തിലാണ്. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതുവരെ ഈ സ്ഥിതി തുടരുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഹോർമുസ് തുറന്നെന്ന പ്രഖ്യാപനത്തിനു ശേഷം വെള്ളിയാഴ്ച വൈകുന്നേരം 20-ഓളം കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ചെങ്കിലും മിക്കവയും തിരികെപ്പോരുകയായിരുന്നു.
ഇനി ഐആർജിസി അനുമതി നൽകുന്ന വാണിജ്യ കപ്പലുകൾക്ക് മാത്രമേ ഇനി ഈ വഴി കടന്നുപോകാൻ സാധിക്കൂ എന്നും ഈ കപ്പലുകൾ നിശ്ചിത ടോൾ നൽകണമെന്നും ഇറാന്റെ പാർലമെന്ററി നാഷണൽ സെക്യൂരിറ്റി കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപിന്നാലെ ശനിയാഴ്ച ഈ സമുദ്രപാത വഴി കടന്നുപോകാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വാണിജ്യ കപ്പലുകൾക്ക് നേരേ വെടിവെയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതേത്തുടർന്ന് മേഖലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിൽ ഒരു കപ്പലിനു നേർക്ക് വെടിവെച്ചത് രണ്ട് ഇറാനിയൻ ഗൺ ബോട്ടുകളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ രണ്ട് ഗൺബോട്ടുകൾ കപ്പലിനെ സമീപിക്കുകയും റേഡിയോ വഴി യാതൊരു മുന്നറിയിപ്പും നൽകാതെ വെടിയുതിർക്കുകയുമായിരുന്നു എന്നാണ് കപ്പലിന്റെ ക്യാപ്റ്റൻ പ്രതികരിച്ചിരിക്കുന്നത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഒമാന് 37 കിലോമീറ്റർ വടക്കുകിഴക്കായി, ഖ്വെഷം, ലാരക് ദ്വീപുകൾക്കിടയിലുള്ള പ്രദേശത്തായിരുന്നു വെടിവെപ്പ്. തന്ത്രപ്രധാനമായ ജലപാതയുടെ മേൽ ഇറാൻ നിയന്ത്രണം കർശനമാക്കുന്നതിനിടയിലാണ് ഈ സംഭവം. കടലിടുക്കിലൂടെയുള്ള ഗതാഗതത്തിൽ ഇറാൻ വീണ്ടും കർശനമായ സൈനിക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഉപരോധം നടപ്പിലാക്കുന്നു എന്ന വ്യാജേന അമേരിക്ക ആവർത്തിച്ചുള്ള നിയമലംഘനങ്ങളും ‘കടൽക്കൊള്ളയും’ നടത്തുന്നുവെന്ന് ഇറാന്റെ സായുധ സേന ആരോപിച്ചു. മുമ്പ് ചർച്ചകൾക്ക് ശേഷം ടാങ്കറുകൾക്കും വാണിജ്യ കപ്പലുകൾക്കും പരിമിതമായ അനുമതി നൽകിയിരുന്നെങ്കിലും അമേരിക്കയുടെ നടപടികൾ കാരണം അത് പിൻവലിക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കി.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഈ ജലപാത, യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം തുടങ്ങിയതോടെ തടസപ്പെട്ടിരുന്നു. യുദ്ധം ആരംഭിച്ച് ഏഴ് ആഴ്ചകൾക്ക് ശേഷം ആദ്യമായി എട്ട് ടാങ്കറുകൾ ഉൾപ്പെട്ട ഒരു സംഘം ഈ വഴി കടന്നുപോയെങ്കിലും ഉടൻതന്നെ ഇറാൻ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുകയായിരുന്നു.
നേരത്തേ ഫെബ്രുവരി 28 മുതൽ 47 ദിവസത്തോളം ഈ പാത തടസപ്പെട്ടത് ആഗോള എണ്ണവില കുത്തനെ ഉയരാൻ കാരണമായിരുന്നു. ഉപരോധം തുടരുകയാണെങ്കിൽ കടലിടുക്ക് തുറന്നിടില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഹോർമുസ് തുറന്നെന്ന് ഇറാന്റെ പ്രഖ്യാപനമുണ്ടായെങ്കിലും സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ മിക്ക കപ്പലുകളും യാത്ര പൂർത്തിയാക്കാനാകാതെ മടങ്ങിയതായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തിലെ ഇന്ധന വിതരണത്തിൽ നിർണായകമായ ഈ മേഖലയിൽ സൈനിക നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് ആഗോള തലത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോകത്തെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും കടന്നുപോകുന്നത് ഈ തന്ത്രപ്രധാനമായ പാതയിലൂടെയാണ്. യുദ്ധത്തിന് മുമ്പ് പ്രതിദിനം ഏകദേശം 138 കപ്പലുകൾ ഇതുവഴി സഞ്ചരിച്ചിരുന്ന സ്ഥാനത്ത്, നിലവിലെ സംഘർഷവും നിയന്ത്രണങ്ങളും കാരണം കപ്പലുകളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിട്ടുള്ളത്. മാർച്ച് മാസത്തിൽ ആകെ 100 കപ്പലുകളാണ് ഇതിലൂടെ കടന്നുപോയത്. ഒരു ദിവസം മാത്രം 138 കപ്പലുകൾ കടന്നുപോയ സ്ഥാനത്താണിത്.
