കണിയും കൈനീട്ടവും ഒരുക്കി.. വിഷുവിനെ വരവേറ്റ് മലയാളികൾ

Share our post

കൊച്ചി: വിഷുവിനെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ.മീനച്ചൂടിൽ പൂത്ത കണിക്കൊന്നയ്‌ക്കൊപ്പം സമൃദ്ധമായ പ്രകൃതിയുടെ പ്രതീകമായി പറമ്പിലെ ചക്കയും വെള്ളരിയും മാമ്പഴവും ഫലങ്ങളുമെല്ലാം തളികയിൽ കണികണ്ടുണർന്നാണ് വിഷുവിനെ വരവേറ്റത്.

സൂര്യൻ മീനരാശിയിൽനിന്ന് മേടത്തിലേക്ക് കടക്കുന്നതാണ് വിഷുസംക്രാന്തി. തലേന്ന് രാത്രിതന്നെ വിഷുക്കണി ഒരുക്കും. കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കണിക്കൊന്നയും കാർഷികവിഭവങ്ങളായ കണിവെള്ളരി, ഇടിച്ചക്ക, കുലയോടുകൂടിയ മാങ്ങ, തേങ്ങ എന്നിവയും ഓട്ടുരുളിയിൽ കണിവെക്കും. കോടിമുണ്ട്, മുഖക്കണ്ണാടി, പച്ചരിയിൽ മഞ്ഞൾ, നാണയം, സ്വർണം എന്നിവയും കണികാണാൻ വെക്കാറുണ്ട്.

മുതിർന്നവർ കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകും. കോടിമുണ്ടും സദ്യയും വിഷുവിന്റെ ഭാഗമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ചൊവ്വാഴ്ച രാവിലെമുതൽ കണിവിഭവങ്ങളുടെ വിൽപ്പന തകൃതിയായി നടന്നു. കമ്പോളങ്ങളിലും വഴിയോരത്തും കണിവെക്കാനുള്ള വസ്തുക്കൾ വാങ്ങാൻ ആൾത്തിരക്കായിരുന്നു. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബുധനാഴ്ച രാവിലെ വിഷുക്കണിദർശനവുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!