‘സോഷ്യൽ മീഡിയയല്ല, മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാർട്ടി’; ഹൈക്കമാൻഡിന് കത്തുനൽകി ബെന്നി ബഹനാൻ
തിരുവന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ച വേണ്ടെന്ന് ബെന്നി ബെഹനാൻ എം.പി. പാർട്ടി ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയ തീരുമാനിക്കുക. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ വേദനാജനകമെന്നും ബെന്നിബെഹനാൻ മാധ്യമങ്ങളോട് പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം വരുംവരെ കാത്തിരിക്കുകയാണ് വേണ്ടത്. സോഷ്യൽ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. ഇതു സംബന്ധിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ശക്തമായ പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെന്നും ഇത് ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റാൻ ശ്രമിച്ച ജനങ്ങളുടെ മനസ്സിൽ വലിയ വേദനയും പ്രയാസവും ഉണ്ടാക്കിയിട്ടുണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു. സോഷ്യൽ മീഡിയ മുഖേന അല്ല, പാർട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. ഇതെല്ലാം മനസ്സിലാക്കാതെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ ഹൃദയഭേദകമായ കാര്യമാണ്. അത് അവസാനിപ്പിക്കണം. വരാൻ പോകുന്ന വിജയത്തിന്റെ മഹത്വവും ശോഭയും കെടുത്തുന്ന രീതിയിലാണ് ചർച്ചകൾ നടക്കുന്നത്. അത് ഒഴിവാക്കാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കണം. ഇത്തരം ശ്രമങ്ങൾ കോൺഗ്രസ് തള്ളിപ്പറയണം. ഇത് കോൺഗ്രസിന് ഗുണകരമല്ല, അവസാനിപ്പിക്കണമെന്ന് പറയണം. വീണ്ടും ആവർത്തിച്ചാൽ ഞങ്ങൾക്ക് യാതൊരു ബന്ധമില്ല എന്ന് ശക്തമായ നിലപാട് എടുത്താൽ ഇത് അവസാനിക്കും, ബെന്നി ബഹനാൽ പറഞ്ഞു.
ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതെവന്നപ്പോഴാണ് കോൺഗ്രസ് ഹൈക്കമാൻഡിന് കത്തുനൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും വ്യക്തിപരമായി പരാമർശിച്ചിട്ടില്ല. കുറേ ആളുകൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അവർക്ക് കോൺഗ്രസ് നന്നാകുക എന്നുള്ളതല്ല. അവർക്ക് അവരുടേതായ വാർത്തകളും റീലും വരുത്തിക്കൊണ്ടിരിക്കണം, അത് ശരിയല്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
