‘സ്മാർട് മൂവ്’ അപ്രത്യക്ഷം; കൈവശമുള്ളത് ബുക്ക്-പേപ്പർ ലൈസൻസാണോ? കാലാവധി തീർന്നാൽ പെടും

Share our post

ആലപ്പുഴ: വാഹന രജിസ്‌ട്രേഷനും ലൈസൻസ് നൽകുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന സ്മാർട് മൂവ് സോഫ്റ്റ്‌വെർ മോട്ടോർവാഹന വകുപ്പ് ഓഫീസുകളിൽനിന്ന് അപ്രത്യക്ഷമായതോടെ പഴയ വാഹനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സങ്കീർണമായി. നിലവിൽ, തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസിൽ മാത്രമാണ് സ്മാർട് മൂവ് കിട്ടുന്നത്. അതിനാൽ, പഴയ ബുക്ക്-പേപ്പർ രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസ് പുതുക്കിക്കിട്ടാൻ ‘ഭാഗ്യം’ കൂടി കനിയണം.

2020-ൽ കേന്ദ്രപോർട്ടലായ വാഹൻ-സാരഥി സോഫ്റ്റ്‌വെർ വന്നതോടെയാണ് സ്മാർട് മൂവിന്റെ ഉപയോഗം കുറഞ്ഞത്. കേന്ദ്രപോർട്ടൽ വന്നപ്പോൾ ഓരോ ഓഫീസിലെയും വാഹന-ലൈസൻസ് വിവരങ്ങളും രേഖകളും അതിലേക്കു മാറ്റിയിരുന്നു. എന്നാൽ, മാറ്റം പൂർണമായിരുന്നില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം.

പഴയ ബുക്ക്-പേപ്പർ രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസ് വിവരം സ്മാർട് മൂവിലാണുള്ളത്. ഇവ പരിവാഹനിൽ ലഭിക്കില്ല. ഇത്തരം ലൈസൻസുകളുടെ കാലാവധി തീർന്ന് ഉടമകൾ മോട്ടോർവാഹന വകുപ്പ് ഓഫീസിലെത്തുമ്പോൾ സ്മാർട് മൂവ് സോഫ്റ്റ്‌വെറില്ലാത്തതിനാൽ പുതുക്കാനാകാത്ത സ്ഥിതിയാണ്. തിരുവനന്തപുരത്തെ ഓഫീസിൽ അപേക്ഷിച്ച് വാഹനരേഖകൾ വാങ്ങിയാലേ മറ്റ് ഓഫീസുകൾക്ക് ലൈസൻസ് പുതുക്കൽ പൂർത്തിയാക്കാനാകൂ.

ഓരോ ജില്ലയിൽനിന്നും ഒട്ടേറെ അപേക്ഷകളാണ് കേന്ദ്ര ഓഫീസിലേക്ക് ഒരുദിവസമെത്തുന്നത്. അതിനാൽ രേഖകൾ കിട്ടാൻ രണ്ടു മാസമെങ്കിലുമെടുക്കും. അതിനുശേഷമേ ബന്ധപ്പെട്ട ഓഫീസുകളിൽ ലൈസൻസ് പുതുക്കാനാകൂ. ചിലപ്പോൾ, തിരുവനന്തപുരത്തെ സ്മാർട് മൂവിലും രേഖകളില്ലാത്ത അവസ്ഥയുണ്ടാകാറുണ്ട്. പിന്നെ, രണ്ടാമത് ലൈസൻസെടുക്കലേ നിവൃത്തിയുള്ളൂ.

പലരും കാലാവധിയവസാനിക്കുന്നതിനു തൊട്ടുമുൻപാകും ലൈസൻസ് പുതുക്കാൻ കൊടുക്കുക. പഴയ ആർ.സി. രേഖകളുടെ കാര്യത്തിലും ഇതേ പ്രശ്‌നമുണ്ട്. പഴയ രേഖകളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും മോട്ടോർവാഹന വകുപ്പ് ഓഫീസിൽ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. വൈകുമെന്ന് ആദ്യമേ പറഞ്ഞാണ് ഉദ്യോഗസ്ഥർ നടപടികളിലേക്കു കടക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!