20 ലക്ഷത്തിന്റെ സ്വർണവുമായി കടന്ന കവർച്ച; പ്രതിയെ ആൻഡമാൻ വനത്തിലെത്തി പിടികൂടി കേരള പോലീസ്

Share our post

കൊച്ചി: തൃക്കാക്കരയിലെ ഒരു എക്‌സ്‌പോർട്ടിങ് സ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കവർന്ന കേസിൽ സംഘത്തെ സാഹസികമായി പിടികൂടി കേരള പോലീസ്. ബംഗാൾ സ്വദേശികളായ പ്രശാന്ത് സർക്കാർ, റഫീഖുൽ മുൻസി, രാഹുൽ പണ്ഡിറ്റ് എന്നിവരെയാണ് പോലീസ് പിടികൂടിയത്

കഴിഞ്ഞ ജനുവരിയിൽ തൃക്കാക്കരയിലെ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന പ്രശാന്ത് സർക്കാരും റഫീഖുൽ മുൻസിയും ചേർന്നാണ് സ്വർണം മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഇവർ കേരളത്തിൽ നിന്ന് കടന്നുകളഞ്ഞു.

കേസിലെ ഒന്നാം പ്രതിയായ പ്രശാന്ത് സർക്കാർ ആൻഡമാൻ നിക്കോബാർ ദ്വീപിലെ വനമേഖലയിലുണ്ടെന്ന വിവരം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസിന് ലഭിച്ചത്.കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൃക്കാക്കര എസ്.ഐ അനസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. ഡിഗിലിപ്പൂരിൽ നിന്ന് 300 കിലോമീറ്ററോളം ദൂരം വന്യമൃഗങ്ങളുള്ള കാനനപാതയിലൂടെ സഞ്ചരിച്ചാണ് മധുപൂർ എന്ന സ്ഥലത്തുനിന്ന് പ്രശാന്തിനെ പോലീസ് കീഴടക്കിയത്.

രണ്ടാം പ്രതിയായ റഫീഖുൽ മുൻസി വേഷം മാറി ഗുജറാത്തിലെ സൂറത്തിൽ ഒളിവിൽ കഴിയുകയായിരുന്നു .ഇയാൾ ഫോൺ പോലും ഉപയോഗിക്കാതെയാണ് ഒളിവ് ജീവിതം നയിച്ചിരുന്നത്. മൂന്നാം പ്രതിയായ രാഹുൽ പണ്ഡിറ്റിനെ കൊൽക്കത്തയിലെ ഒരു ക്രിമിനൽ സംഘത്തിനിടയിൽ നിന്ന് അർദ്ധരാത്രി നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്.

മോഷണം നടത്തിയ സ്വർണം വീതം വെക്കുന്നതിനെച്ചൊല്ലി പ്രശാന്തും റഫീഖുലും തമ്മിൽ തർക്കമുണ്ടായിരുന്നു. 92 ഗ്രാം സ്വർണം താൻ തനിയെ മോഷ്ടിച്ചതാണെന്നും അതിനാൽ അത് തനിക്ക് വേണമെന്നും പ്രശാന്ത് വാദിച്ചു. തുടർന്ന് റഫീഖുൽ തന്റെ സുഹൃത്തായ രാഹുലുമായി ചേർന്ന് പ്രശാന്തിന്റെ കൈവശമുള്ള സ്വർണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ഈ ബാഗ് ഉപേക്ഷിച്ച് പ്രശാന്ത് ഓടിപ്പോവുകയുമായിരുന്നു.

മോഷണം പോയ 141 ഗ്രാം സ്വർണത്തിൽ 76 ഗ്രാമോളം കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞു. കൂടാതെ, സ്വർണം വിറ്റുകിട്ടിയ പണത്തിൽ നിന്ന് വീട് നിർമ്മാണത്തിനായി മാറ്റിവെച്ച രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഈ കേസിൽ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!