ഒരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാൻ; A-10 തകർന്നുവീണത് ഹോർമുസിനടുത്ത്, പൈലറ്റിനെ രക്ഷപ്പെടുത്തി

Share our post

ടെഹ്‌റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാന്റെ അവകാശവാദം. പേർഷ്യൻ ഗൾഫ് മേഖലയിൽ യുഎസ് എയർഫോഴ്‌സ് യുദ്ധവിമാനമായ ഫെയർചൈൽഡ് റിപ്പബ്ലിക് എ-10 തണ്ടർബോൾട്ട് II അഥവാ ‘എ-10 വാർതോഗ്’ എന്ന യുദ്ധവിമാനമാണ് തകർന്നത്. ഹോർമുസ് കടലിടുക്കിന് സമീപമായിരുന്നു അപകടം. ഇതിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച ഒരു എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനവും തങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അവകാശപ്പെട്ടിരുന്നു. ആക്രമണത്തെ തുടർന്ന് വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടിയതായാണ് റിപ്പോർട്ടുകൾ. ഈ വിമാനത്തിലെ ഒരു പൈലറ്റുമാരിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്. അയാൾ ഇറാന്റെ കസ്റ്റഡിയിലാണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹോർമുസ് കടലിടുക്കിന് സമീപം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം എ-10 വാർതോഗ് വിമാനത്തെ ലക്ഷ്യംവെച്ചതായി ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യാ ഗവർണർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെ ജീവനോടെ പിടികൂടാൻ സഹായിക്കണമെന്ന് ഇറാൻ ഭരണകൂടം ചാനലുകൾ വഴി പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടെഹ്‌റാനിൽനിന്ന് ഏകദേശം 500 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറിയുള്ള കോഹ്ലിലുയെ ആൻഡ് ബോയർ-അഹമ്മദ് പ്രവിശ്യയിൽ വെച്ചാണ് എഫ്-15 ഇ യുദ്ധവിമാനം തകർക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച ഐആർജിസിയാണ് എഫ്-15 വിമാനം വെടിവെച്ചിട്ടത്. തങ്ങളുടെ പുതിയ അത്യാധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് വിമാനം തകർത്തതെന്നാണ് ഇവരുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് ലേക്കൻഹീത്ത് സ്‌ക്വാഡ്രണിൽപ്പെട്ട ഒരു എഫ്-35 യുദ്ധവിമാനം കൂടി തകർത്തതായും ഐആർജിസി അവകാശപ്പെട്ടിരുന്നു.

ഇറാനിൽവെച്ച് തങ്ങളുടെ ഒരു യുദ്ധവിമാനം തകർക്കപ്പെട്ടതായും പൈലറ്റുമാർക്കായി തിരച്ചിൽ തുടരുകയാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ യുഎസ് സെൻട്രൽ കമാൻഡോ പെന്റഗണോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!