സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന്: 38 വാർഡുകളിൽ വിധിയെഴുത്ത്

Share our post

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന്. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടെ ആകെ 38 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡിലും തെരഞ്ഞെടുപ്പ്. കുറ്റിച്ചിറയിലെ തെരഞ്ഞെടുപ്പ് ഫാത്തിമ തെഹ്ലിയ എംഎൽഎ ആയതിനെ തുടർന്ന്.

കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെ ഓരോ വാർഡുകൾ, 3 മുൻസിപ്പാലിറ്റി വാർഡുകൾ, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകൾ, 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വാശിയേറിയ പ്രചരണമാണ് യുഡിഎഫ്-എൽഡിഎഫ് മുന്നണികളും ബിജെപിയും നടത്തിയത്.

യുഡിഎഫ് സർക്കാരിനെതിരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുണ്ടായ വിവാദ വിഷയങ്ങൾ ഉയർത്തിയായിരുന്നു എൽഡിഎഫ് പ്രചാരണം. പവർകട്ട് മുതൽ മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്ര, ആഡംബരക്കാർ യാത്ര എന്നിവയെല്ലാം എൽഡിഎഫ് പ്രചാരണ വിഷയമാക്കി. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സർക്കാരിന്റെ അഭിമാന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫ് പ്രചാരണം.

ഇരു മുന്നണികൾക്ക് എതിരായി ശക്തമായ പ്രചാരണം ബിജെപിയും നടത്തി. നാളെയാണ് 38 വാർഡുകളുടെ ഫലപ്രഖ്യാപനം. തിരിച്ചടി നേരിട്ടാൽ യുഡിഎഫ് സർക്കാരിന് അത് വലിയ ക്ഷീണം ആകും. മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞാൽ എൽഡിഎഫ് തിരിച്ചുവരവായി ഉയർത്തിക്കാട്ടും. എന്തു സൂചനയാകും തദ്ദേശ ഉപതെരഞ്ഞെടുപ്പ് നൽകുക എന്നതാണ് ശ്രദ്ധേയം.

കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിലെ ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. യുഡിഎഫിനായി ഫർസീന അറക്കലും എൽഡിഎഫിനായി ജംഷീന ടിപിയുമാണ് മത്സരിക്കുന്നത്. കെ. ജിജിയാണ് ബിജെപി സ്ഥാനാർഥി രണ്ട് അപരന്മാരും ജനവിധി തേടുന്നുണ്ട്. പരപ്പിൽ എംഎംവിഎച്ച്എസ്എസ്, കുറ്റിച്ചിറ ഗവൺമെന്റ് വിഎച്ച്എസ്എസ്, സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂൾ എന്നിങ്ങനെ മൂന്ന് പോളിങ് സ്റ്റേഷനുകളിലായി 8 ബൂത്തുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!