ദേശീയപാതയിലെ ഗതാഗതക്കുരുക്ക് നേരിടാൻ നടപടി; ഭാരവാഹനങ്ങൾക്ക് സമയപ്പൂട്ട്

Share our post

കണ്ണൂർ : ദേശീയപാതയിൽ വളപട്ടണം, മേലെചൊവ്വ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പാക്കിത്തുടങ്ങി. പൊലീസിന്റെ സഹായത്തോടെയാണ് നടപടി. വളപട്ടണം പാലത്തിലെ നവീകരണവും മേലെചൊവ്വ മേൽപാലം നിർമാണവും നടക്കുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കലക്ടർ പി.വിഷ്ണുരാജിന്റെ ഉത്തരവ് പ്രകാരമാണ് നിയന്ത്രണം. 2 പ്രവൃത്തികളും പൂർത്തിയാകുന്നതു വരെ നിയന്ത്രണം തുടരും. ഓണക്കാലത്ത് എടക്കാട് പൊലീസ് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

നിയന്ത്രണമിങ്ങനെ
∙ വളപട്ടണം – പഴയങ്ങാടി റോഡിൽ ചെറുകുന്നിലും തളിപ്പറമ്പ് റോഡിൽ ധർമശാല മുതൽ എടക്കാട് വരെയുള്ള ഭാഗത്തും രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയുമാണ് ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ളത്. 10 ടയർ മുതലുള്ള ഹെവി ചരക്ക് വാഹനങ്ങൾ, മൾട്ടി-ആക്‌സിൽ ട്രക്കുകൾ, ട്രെയിലർ– സെമി-ട്രെയിലർ തുടങ്ങിയവയ്ക്കാണു നിയന്ത്രണം. ഈ സമയത്ത് ഗതാഗതതടസ്സമുണ്ടാക്കാത്ത രീതിയിൽ ഭാരവാഹനങ്ങൾ നിർത്തിയിടാൻ പൊലീസ് ക്രമീകരണം നടത്തും.

∙ കണ്ണൂർ ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ എടക്കാട് പൊലീസ് സ്റ്റേഷന് മുന്നിലാണ് നിർത്തേണ്ടത്. ഭാരവാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലം കണ്ടെത്താൻ ചെറുകുന്ന് താവം മുതൽ ഇരിണാവ് വരെ കണ്ണപുരം പൊലീസ് പരിശോധന നടത്തി. തളിപ്പറമ്പ് പൊലീസും നടപടി തുടങ്ങി.

‘സമയം നീട്ടണം’
∙ വൈകിട്ട് ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സമയം ദീർഘിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. രാത്രി 8 വരെയെങ്കിലും നിയന്ത്രണം വേണമെന്നാണ് ആവശ്യം. തിരക്കേറിയ സമയമായ രാത്രി 7ന് നിയന്ത്രണം അവസാനിക്കുന്നതോടെ, അത്രയും നേരം പിടിച്ചിട്ട ഭാരവാഹനങ്ങൾ കൂട്ടത്തോടെ റോഡിലെത്തുന്നത് വീണ്ടും വാഹനകുരുക്കിന് കാരണമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!